ജബാലിയ വളഞ്ഞ് ഇസ്രയേൽ സൈന്യം; സ്കൂളിൽ ബോംബിട്ടു, 28 മരണം
Mail This Article
ജറുസലം ∙ മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. 54 പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. കഴിഞ്ഞയാഴ്ച പുനരാരംഭിച്ച വടക്കൻ ഗാസയിലെ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈന്യം, 3 ആശുപത്രികളിലെ രോഗികളടക്കം എല്ലാവരോടും 24 മണിക്കൂറിനകം ഒഴിയാനും ആവശ്യപ്പെട്ടു.
-
Also Read
ഈഥൽ കെന്നഡി അന്തരിച്ചു
വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ, അൽ ഔദ, കമൽ അദ്വാൻ ആശുപത്രികളാണു ബലമായി ഒഴിപ്പിക്കുന്നത്. ആശുപത്രികളിൽ കമാൻഡ് സെന്റർ ഉണ്ടെന്ന ഇസ്രയേൽ ആരോപണം ഹമാസ് നിഷേധിച്ചു. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിലടക്കം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ആക്രമണത്തിൽ 130 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ആശുപത്രികളിൽനിന്നുള്ള കണക്ക്. ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം.
നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎൻ വ്യക്തമാക്കി. ഒഴിഞ്ഞുപോകുന്നവരെയെല്ലാം ചോദ്യം ചെയ്യുന്ന സൈന്യം ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. കൊടുംപട്ടിണിയിൽ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്നും യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലിപ്പി ലസ്സാറിനി രക്ഷാസമിതിയിൽ പറഞ്ഞു.
അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ 5 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടെന്നു ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അടിയന്തര വൈദ്യസഹായമെത്തിക്കുന്ന കേന്ദ്രത്തിലാണു ബോംബ് വീണത്. ലബനൻ അതിർത്തിയിലെ നഖൗരയിൽ യുഎൻ സമാധാനസേനയുടെ നിരീക്ഷണ ടവറിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 2 സൈനികർക്കു പരുക്കേറ്റു.