ADVERTISEMENT

ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വെല്ലുവിളിയെ അതിജീവിക്കാന്‍ സാധ്യമായ രീതിയില്‍ ഒന്നിക്കാന്‍ ഹോണ്ടയും നിസാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരുത്തുള്ള മേഖലകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഭാവിയില്‍ സഹകരണം വിപുലപ്പെടുത്തുമെന്ന് അന്നു തന്നെ ഹോണ്ടയും നിസാനും പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ഇരു കമ്പനികളും തമ്മിലുള്ള സഹകരണ ചര്‍ച്ചകള്‍ പൂര്‍ണ ഫലം കാണാതെ നീണ്ടു പോവുകയാണ്.

പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് വിപണി മാറി തുടങ്ങിയതോടെയാണ് പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്ക് കാലിടറി തുടങ്ങിയത്. മികച്ച സാങ്കേതികവിദ്യയും കുറഞ്ഞ വിലയുമായെത്തിയ ചൈനീസ് കമ്പനികള്‍ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുകയും ചെയ്തു. ജാപ്പനീസ് ബിസിനസ് പത്രമായ ദ നിക്കേയ് ആണ് ഹോണ്ടയും നിസാനും സഹകരിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.

ഇരു കമ്പനികള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന കാര്യം അടുത്ത ആഴ്ച്ചയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കുമെന്നാണ് ജാപ്പനീസ് ടിവി ചാനലായ ടിബിഎസ് റിപ്പോര്‍ട്ടു ചെയ്തത്. ജപ്പാനിലെ രണ്ടാമത്തേയും മൂന്നാമത്തേയും വലിയ കാര്‍ നിര്‍മാണ കമ്പനികളുടെ സഹകരണം സങ്കീര്‍ണമാവുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വലിയ കമ്പനികളുടെ കൂടിച്ചേരലുകള്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നതിനാല്‍ ജപ്പാനില്‍ വലിയ തോതില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു കാരണമാവാറുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുമായുള്ള സഹകരണത്തിന്റെ സങ്കീര്‍ണതകളും നിസാനുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ സഹകരിക്കാന്‍ തീരുമാനിച്ച ഹോണ്ടയും നിസാനും ഓഗസ്റ്റില്‍ ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായിരുന്നു. ഓഗസ്റ്റില്‍ തന്നെ ഇരു കമ്പനികളും മിറ്റ്‌സുബിഷി മോട്ടോഴ്‌സുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. മിറ്റ്‌സുബിഷിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളി നിസാനാണ്. ഈ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ നിസാന്‍ ഓഹരികള്‍ക്ക് 20 ശതമാനം വര്‍ധനവുണ്ടായി. ഹോണ്ടയുടെ ഓഹരികള്‍ രണ്ടു ശതമാനവും മിറ്റ്‌സുബിഷിയുടേത് 13 ശതമാനവും വര്‍ധിക്കുകയും ചെയ്തു.

'ചൈനീസ് വാഹന നിര്‍മാതാക്കളുടെ വരവോടെ കമ്പനികള്‍ക്ക് കാര്‍ വിപണിയില്‍ തുടരുന്നത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതിജീവനത്തിനു മാത്രമല്ല ഭാവിയിലെ സാധ്യതകള്‍ക്കനുസരിച്ചു മാറാന്‍ കൂടി ഇത്തരം സഹകരണങ്ങള്‍ ആവശ്യമാണ് ' എന്നാണ് എഡ്മണ്ട്‌സിലെ വാഹന വിശകലന വിദഗ്ധയായ ജസിക്ക കാല്‍ഡ്‌വെല്‍ പറയുന്നത്.

ചൈനയിലെ വാഹന വിപണിയില്‍ നിന്നും വലിയ തിരിച്ചടി ഹോണ്ടയും നിസാനും അടുത്തിടെ നേരിടുന്നുണ്ട്. നവംബറിലെ കണക്കു പ്രകാരം ലോകമെങ്ങുമുള്ള വൈദ്യുത കാര്‍ വില്‍പനയില്‍ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അതേസമയം 2023ല്‍ രാജ്യാന്തരവിപണിയില്‍ 74 ലക്ഷം കാറുകള്‍ വിറ്റ കമ്പനികളാണ് ഹോണ്ടക്കും നിസാനും. എന്നാല്‍ ബിവൈഡി പോലുള്ള ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളുടെ വരവോടെ വലിയ വെല്ലുവിളികളാണ് ഹോണ്ടയും നിസാനും നേരിടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ടെസ്‌ലയെ പാദവാര്‍ഷിക വരുമാനത്തില്‍ മറികടക്കാന്‍ ബിവൈഡിക്ക് സാധിച്ചിരുന്നു.

ചൈനീസ് ഇവി കമ്പനികളില്‍ നിന്നുള്ള വെല്ലുവിളികളെ ഹോണ്ടക്കും നിസാനും പരസ്പരം സഹകരിച്ചുകൊണ്ട് നേരിടാനാവുമോ എന്ന ചോദ്യം ഉയര്‍ത്തുന്നവരുമുണ്ട്. 'രാജ്യാന്തരവിപണിയിലെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും സാങ്കേതികവിദ്യകളോ ഉത്പന്നങ്ങളോ ഹോണ്ടക്കോ നിസാനോ ഉണ്ടെന്ന കാര്യം സംശയമാണ്. പരസ്പരം രക്ഷപ്പെടാനുള്ള മാര്‍ഗമാണെങ്കിലും പുതിയൊരു ദേശീയ ചാമ്പ്യനെ ഇതുവഴി ലഭിക്കുമെന്നു തോന്നുന്നില്ല' എന്നാണ് ജാപ്പനീസ് ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോമായ മോണക്‌സ് ഗ്രൂപ്പിലെ ജാസ്പര്‍ കോള്‍ ഹോണ്ട- നിസാന്‍ സഹകരണത്തെ വിലയിരുത്തിയത്.

English Summary:

Honda and Nissan's collaboration to combat the rise of Chinese electric vehicle manufacturers is explored. Will this partnership create a new leader in the EV market or merely a survival strategy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com