ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഭക്തരുടെ സുരക്ഷയ്ക്കായാണ് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പ്രതിദിനം 80,000 ഭക്തര്‍ക്കു മാത്രമായി ദര്‍ശനം നിജപ്പെടുത്തിയതു വിവാദത്തിനിടയാക്കിയിരുന്നു. ശബരിമലയിലെ ദർശനസമയം രാവിലെ 3 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11വരെയുമായിരിക്കും. ഭക്തരുടെ സുരക്ഷയ്ക്ക് വെർച്വൽ ക്യൂ പ്രധാനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെത്തുന്ന ആളുകളുടെ ആധികാരിക രേഖയാണ് വെർച്വൽക്യൂവിലൂടെ ലഭിക്കുന്നത്. വെർച്വൽ ക്യൂ ആണെങ്കിൽ എത്ര ഭക്തർ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും. കൂടുതൽ ആളുകൾ വന്നാൽ ദേവസ്വം ബോർഡിന് ലാഭം കൂടും. പക്ഷേ ഭക്തരുടെ സുരക്ഷ പ്രധാനമാണ്. സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിൽ ആരും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യില്ല. തീരുമാനം ഇരുമ്പുലക്കയല്ല.  ഇപ്പോഴത്തെ തീരുമാനം വെർച്വൽക്യൂ മതിയെന്നാണ്. സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിങ് ആക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം ബോർഡ് യോഗം ചർച്ച ചെയ്തു. കഴിഞ്ഞ തവണ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പല ഭക്തന്മാര്‍ക്കും പന്തളത്തുവച്ച് മാല ഊരി തിരികെ പോകേണ്ടിവന്നത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീര്‍ഥാടനം സുഗമമാക്കാനും തിരക്കു നിയന്ത്രിക്കാനുമാണ് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയതെന്നായിരുന്നു ദേവസ്വം മന്ത്രി വി.എന്‍.വാസവന്റെ മറുപടി. ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശ്‌നം ഗുരതരമാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കിയിരുന്നു. സ്‌പോട്ട് ബുക്കിങ് പുനരാരംഭിച്ചില്ലെങ്കില്‍ ഭക്തരുടെ പ്രക്ഷോഭത്തിനു ബിജെപി പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

English Summary:

Spot Booking Returns to Sabarimala After Public Outcry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com