കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തി; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, മകന് വെട്ടേറ്റു– വിഡിയോ
Mail This Article
മലപ്പുറം∙ വേങ്ങരയിൽ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് മർദനം. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിനു വെട്ടേറ്റു. വേങ്ങര സ്വദേശി അബ്ദുൽ കലാമും മകൻ സത്താറും കുടുംബവും ചേർന്നാണ് ഇവരെ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഒന്നര വർഷം മുൻപ് സത്താറിന്, ബഷീർ കടം നൽകിയ പണം ഇതുവരെയും തിരിച്ചു നൽകിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്താർ പണം നൽകാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്താറിന്റെ വീട്ടിലേക്കു പോയത്.
വീടിനു മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണു സംഭവസ്ഥലത്തേക്ക് മുഹമ്മദ് സത്താറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. സംഭവത്തിൽ വയോധിക ദമ്പതികൾക്കു ക്രൂരമായി മർദനമേറ്റു. മറ്റൊരു അയൽവാസിക്കും പരുക്കേറ്റതായാണു വിവരം.
ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്താറിന് ബഷീർ പണം കടം നൽകിയത്. സത്താറും ബഷീറും അയൽവാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണു വിവരം. സംഭവത്തിൽ ബഷീർ വേങ്ങര പൊലീസിൽ പരാതി നൽകി.