ADVERTISEMENT

കൊച്ചി∙ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്.

2017 മുതലാണ് എക്സാലോജിക്കിനു കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആർഎൽ അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്സാലോജിക്കിന്റെയും വാദം. കമ്പനിക്ക് അനധികൃതമായി സർക്കാർ സേവനങ്ങൾ നൽകിയതിന്റെ പ്രതിഫലമായാണ് പണം നൽകിയതെന്നാണ് എതിർവാദം. വീണയ്ക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) ഓഫിസിലും സിഎംആർഎലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വിവരങ്ങൾ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആർഎലിൽ സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 

ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദൂരൂഹ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടാം.

നേരത്തേ എസ്എഫ്ഐഒ നൽകിയ സമൻസിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച രേഖകൾ വീണ ഹാജരാക്കിയിരുന്നു. ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ജനുവരി 31ന് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ കെഎസ്ഐഡിസി നൽകിയ ഹർജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല. സിഎംആർഎലുമായി എക്സാലോജിക് ഉൾപ്പെടെയുള്ള കമ്പനികൾ നടത്തിയ സാമ്പത്തിക ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും  കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

English Summary:

Statement of Chief Minister's daughter Veena Vijayan's recorded in Exalogic Case by SFIO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com