ADVERTISEMENT

ന്യൂയോർക്ക്∙ ഇസ്രയേലിനുമേൽ ഒക്ടോബർ ഏഴിലെ ആക്രമണത്തേക്കാൾ നാശകരമായ ആക്രമണത്തിന് പലസ്തീനിലെ ഹമാസ് സംഘം പദ്ധതിയിട്ടിരുന്നതായി യുഎസ് മാധ്യമങ്ങൾ. ഇറാന്റെയും ലെബനനിലെ ഹിസ്ബുല്ലയുടെയും സഹായം തേടാൻ വേണ്ടിയാണ് പദ്ധതി വൈകിപ്പിച്ചതെന്നും 2023നു മുൻപ് നടപ്പാക്കാനായിരുന്നു പദ്ധതിയെന്നും ന്യൂയോർക്ക് ടൈംസ്, ദ് വാഷിങ്ടൻ പോസ്റ്റ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. പദ്ധതി നീക്കിവച്ചത് സഖ്യകക്ഷികളുമായുള്ള കൂടിയാലോചനകൾക്കു വേണ്ടിയായിരുന്നുവെന്നാണ് റിപ്പോർട്ട്.

2022 ജനുവരി – 2023 ഓഗസ്റ്റ് കാലത്തിനുള്ളിൽ നടന്ന പത്തു യോഗങ്ങളുടെ മിനിറ്റ്സിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാൻ യൂനിസിലെ ഹമാസിന്റെ ഒരു കൺട്രോൾ സെന്ററിലെ കംപ്യൂട്ടറിൽനിന്നാണ് ഈ രേഖകൾ കണ്ടെത്തിയത്. ഇവ ഒറിജിനലാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തിയ സംഘം ഇതു സംബന്ധിച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ആഭ്യന്തര റിപ്പോർട്ടും സംഘടിപ്പിച്ചാണ് കണ്ടെത്തലുകളെല്ലാം ഉള്ളതാണെന്ന് ഉറപ്പിച്ചത്.  

∙ പദ്ധതിയെക്കുറിച്ച് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് ഇങ്ങനെ:

ഇസ്രയേലിന്റെ സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടന്നാക്രമണം നടത്താനായിരുന്നു ഹമാസിന്റെ പദ്ധതിയിലുണ്ടായിരുന്നത്. 2022 ജനുവരിയിൽത്തന്നെ ഇതുസംബന്ധിച്ചു തന്ത്രങ്ങൾ ഒരുക്കിത്തുടങ്ങിയിരുന്നു. ഇതിനാവശ്യമായ സൈനിക, സാമ്പത്തിക സഹായങ്ങൾ തേടി ഹമാസിന്റെ അന്നത്തെ തലവൻ യഹ്യ സിൻവർ ഇറാന് 2021 ജൂണിൽത്തന്നെ കത്ത് അയച്ചിരുന്നു. ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഗ് കോർ ഖുദ്‌സ് ഫോഴ്സ് നേതാവ് ഇസ്മായിൽ ഖാനിക്ക് ആണ് കത്ത് അയച്ചിരുന്നത്. 

ടെൽ അവീവിലെ അസ്റെയ്‌ലി ടവേഴ്സിനുനേർക്ക് സെപ്റ്റംബർ 11ലെ യുഎസ് ആക്രമണം പോലെയുള്ളവ നടത്തണമെന്നതും ചർച്ചയിൽ വന്നിരുന്നു. ഷോപ്പിങ് മാളുകളും മിലിറ്ററി കമാൻഡ് സെന്ററുകളും അടക്കം ലക്ഷ്യസ്ഥാനങ്ങളായി പരിഗണിച്ചിരുന്നു. 2022 സെപ്റ്റംബറോടെ പദ്ധതി നടപ്പാക്കാൻ തയാറാണെന്ന തലത്തിലേക്ക് ഹമാസ് എത്തി. എന്നാൽ ഒരുവർഷത്തിനിപ്പുറം ഒക്ടോബർ ഏഴിനാണ് ആക്രമണം നടത്തിയത്. ഇറാന്റെയും ഹിസ്ബുല്ലയുടെയും സഹായം ഉറപ്പാക്കാൻ വേണ്ടിയാണു വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ സിൻവറിന്റെ അനുയായി ഇറാൻ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. പിന്തുണച്ചെങ്കിലും കുറച്ചുകൂടി സമയംവേണമെന്ന് ഇറാനും ഹിസ്ബുല്ലയും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

അതേസമയം, ഒക്ടോബർ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ചുയർന്ന മാധ്യമ വാർത്തകൾ ഇറാൻ തള്ളി. ഐക്യരാഷ്ട്ര സംഘടനയിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയാണ് ഇക്കാര്യം തള്ളി രംഗത്തെത്തിയത്.

English Summary:

Report says hamas planned larger attack Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com