ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി കേസിൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് 10 മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. 10 മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അടുത്തദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ ലോക്സഭാ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്.

3 ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇപ്പോഴത്തെ അന്വേഷണം. യഥാര്‍ഥത്തില്‍ ചോദ്യം ചെയ്തതാണെങ്കില്‍ പോലും അതു നടപടിക്രമത്തിന്റെ ഭാഗമാണ്. സിപിഎം- ബിജെപി ബാന്ധവം കേരളത്തില്‍ ഉണ്ടെന്ന യാഥാർഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്ക്കാനാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്. ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സിപിഎമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസിലും സഹായിച്ചത്. 2 പ്രധാനപ്പെട്ട കേസുകളില്‍ നിന്നാണ് സുരേന്ദ്രനെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. അങ്ങോട്ടും ഇങ്ങോട്ടും പുറംചൊറിഞ്ഞു കൊടുക്കുകയാണ് സിപിഎമ്മും ബിജെപിയും. കേസിന്റെ നടപടിക്രമത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബിജെപി വേട്ടയാടല്‍ എന്നു പറയുന്നത്?– സതീശൻ ചോദിച്ചു.

കേരളത്തിലെ 3 സീറ്റുകളിലും തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നു സതീശൻ പറഞ്ഞു. എപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും പോലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മദ്രസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്തു തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

∙ സ്പീക്കര്‍ക്ക് കത്ത് നല്‍കി

അടിയന്തര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ.ഷംസീറിനു പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. മതിയായ സമയം അനുവദിക്കാതെ നിയമസഭാ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

English Summary:

Veena Vijayan Questioning: Election Ploy, Alleges Opposition Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com