‘ഇത്ര വിലകൂടിയ ബൈക്ക് ചവിട്ടിക്കൊണ്ടു പോകുന്നോ’; സംശയത്താൽ ദൃശ്യം പകർത്തി: കള്ളൻ വലയിൽ!
Mail This Article
കൊച്ചി ∙ മോഷണം പോയ നാലു ലക്ഷം രൂപ വിലയുള്ള ബൈക്ക് തിരികെ കിട്ടാൻ സഹായകമായത് ഉടമസ്ഥന്റെ സുഹൃത്ത് അപ്രതീക്ഷിതമായി പകർത്തിയ ദൃശ്യം. ബുള്ളറ്റ് ഓടിക്കുന്ന ആൾ വിലയേറിയ മറ്റൊരു ബൈക്ക് ചവിട്ടിക്കൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന ദൃശ്യമാണ് മുഹമ്മദ് ഫായിസിന്റെ സുഹൃത്ത് പകർത്തിയത്. ഇത്ര വിലയുള്ള ബൈക്കായിട്ടും പെട്രോൾ അടിക്കാതെ ചവിട്ടിക്കൊണ്ടു പോകുന്നതു കണ്ടായിരുന്നു ഇത്. എന്നാൽ കൊച്ചിയിൽ നിന്ന് മോഷണം പോയ ബൈക്ക് കൊല്ലത്ത് കണ്ടെത്താൻ ആ ദൃശ്യം സഹായകമാവുകയായിരുന്നു. അതോടൊപ്പം സ്വന്തമായി ബൈക്കില്ലാത്ത സുഹൃത്തിനു വേണ്ടി മോഷ്ടിക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നതെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
വിലയേറിയ റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650 ബൈക്ക് സെക്കൻഡ് ഹാൻഡായാണ് മുഹമ്മദ് ഫായിസ് വാങ്ങിയത്. ഈ മാസം 10ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇടപ്പള്ളിയിലെ മാളിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അകത്തുപോയതാണ് ഫായിസ്. നാലു മണിയോടെ തിരികെ എത്തുമ്പോൾ ബൈക്കില്ല. ഉടൻ തന്നെ എളമക്കര പൊലീസിനെ ബന്ധപ്പെട്ടു. പൊലീസും ഉണർന്നു. സമീപത്തെയും മാളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 3 മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്നത് വ്യക്തമായി. പൊലീസിനൊപ്പം അന്വേഷണത്തിന് ഫായിസിന്റെ സുഹൃത്തുക്കളും ഇറങ്ങി. ആ സമയത്താണ് സുഹൃത്ത് പകർത്തിയ ദൃശ്യം സഹായകമായത്.
മോഷണ ബൈക്ക് ചവിട്ടിക്കൊണ്ട് ഓടിച്ചു കൊണ്ടുപോകുന്ന ബുള്ളറ്റിന്റെ നമ്പർ ലഭിച്ചതോടെ ഇതിന്റെ പരിശോധനയായി. എന്നാൽ ആ നമ്പർ വ്യാജമെന്ന് വൈകാതെ തെളിഞ്ഞു. എങ്കിലും ആ ബൈക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എത്തിച്ചത് കൊച്ചിയിലെ തന്നെ മറ്റൊരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. ബൈക്ക് ചവിട്ടിക്കൊണ്ട് വന്ന് അകത്തേക്ക് കയറ്റുന്ന ദൃശ്യവും വൈകാതെ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം സ്വദേശിയാണ് ബൈക്ക് മോഷണത്തിന് പിന്നിലെന്ന് മനസിലായി. പൊലീസും ഫായിസും കൊല്ലത്തെത്തി. ബൈക്ക് കണ്ടെത്തി. മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ ബിടെക് വിദ്യാർഥിയും മറ്റെയാൾ കംപ്യൂട്ടർ കോഴ്സ് ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് കൊല്ലത്തേക്ക് കടത്തിയത്. സുഹൃത്തിന് ബൈക്ക് ഇല്ലാത്തതിനാൽ മോഷ്ടിച്ചു എന്നാണ് പ്രതികൾ വാദിക്കുന്നത് എങ്കിലും പൊലീസിന് ഇതിൽ സംശയമുണ്ട്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലെത്തിയാണ് ബൈക്ക് മോഷ്ടിച്ചത് എന്നതുകൊണ്ടു തന്നെ ഇതിനു പിന്നിൽ ആസൂത്രിത സംഘം ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്.