ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരാണു കേസ് പരിഗണിക്കുന്നത്. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്ഐടിക്ക് കോടതി നിർദേശം നൽകി. 

ഹേമ കമ്മിറ്റിക്കു മൊഴി നൽകിയ അതിജീവിതമാരുടെ പേരുകൾ ഒരുവിധത്തിലും പുറത്തു പോകരുതെന്നു പ്രത്യേകാന്വേഷണ സംംഘത്തിനു കോടതി നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക വിവര റിപ്പോർട്ടിലും എഫ്ഐആറിലും അതിജീവിതമാരുടെ പേരുകൾ മറച്ചിരിക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് ലഭ്യമാകൂ.

ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയ സാക്ഷികളിൽ ആരും എസ്ഐടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയാറല്ല. മൊഴി നല്‍കാൻ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുതെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തശേഷം റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികൾ സഹകരിക്കാൻ തയാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 

ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ അധിക സത്യവാങ്മൂലം സമർപ്പിച്ചു. സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമസാധുതയില്ല എന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. ഈ സാഹചര്യത്തിൽ പോഷ് നിയമത്തിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമഭേദഗതി വേണം. ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വനിതാ കമ്മിഷൻ പറഞ്ഞു.

English Summary:

Hema Committee Report Holds Actionable Complaints, Rules Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com