ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ആരോപണങ്ങൾ തള്ളിയും കടുത്ത ഭാഷയിൽ മറുപടി പറഞ്ഞും ഇന്ത്യ രംഗത്തെത്തി. ഇത്തരം ആരോപണങ്ങൾ ‘അസംബന്ധവും അടിസ്ഥാനരഹിതവും’ ആണെന്നും കേന്ദ്രം വ്യക്തമാക്കി.

2023 ജൂണിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണങ്ങളെ ‘അസംബന്ധം’ എന്നും  ‘രാഷ്ട്രീയപ്രേരിതം’ എന്നും പറഞ്ഞ് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയ്ക്കു പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണു നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്.

തെളിവുകളൊന്നുമില്ലാതെ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുകയാണെന്നും സ്വന്തം മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ട്രൂഡോ സർക്കാരെന്നും ആരോപിച്ചു.

ഇന്ത്യൻ ഹൈക്കമ്മിഷണറും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന നൽകുന്ന കാനഡയുടെ നയതന്ത്ര ആശയവിനിമയത്തെ കേന്ദ്ര സർക്കാർ കടുത്തഭാഷയിലാണ് അപലപിച്ചത്. ‘‘ഇത്തരം അസംബന്ധ ആരോപണങ്ങളെ ഇന്ത്യൻ സർക്കാർ ശക്തമായി തള്ളിക്കളയുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ട്രൂഡോ സർക്കാരിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണിതെന്നാണു വിലയിരുത്തൽ. 2023 സെപ്റ്റംബറിൽ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യ നിരവധി തവണ അഭ്യർഥിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും കനേഡിയൻ സർക്കാർ പങ്കുവച്ചിട്ടില്ല.

അന്വേഷണത്തിന്റെ മറവിൽ, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള മനപ്പൂർവമായ തന്ത്രമാണിതെന്നതിൽ സംശയമില്ല. 36 വർഷത്തെ മികച്ച കരിയറുള്ള ഇന്ത്യയുടെ മുതിർന്ന നയതന്ത്രജ്ഞനാണു ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ. ജപ്പാൻ, സുഡാൻ എന്നിവിടങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ  അംബാസഡറായിരുന്നു. ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനേഡിയൻ സർക്കാർ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്, അവയെ അവജ്ഞയോടെ തള്ളിക്കളയുന്നു’’– കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അടുത്തിടെ ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിയുടെ സമാപന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പുതിയ സംഭവവികാസം. ഇന്ത്യയോടു ട്രൂഡോയ്ക്കുള്ള ശത്രുത വളരെക്കാലമായുള്ളതാണ്. 2018ൽ, വോട്ടുബാങ്കിനെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം പരാജയമായിരുന്നു. 2020 ഡിസംബറിൽ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ നടത്തിയ ഇടപെടൽ ഈ കാര്യത്തിൽ എത്രത്തോളം പോകാൻ അദ്ദേഹം തയാറാണെന്നു കാണിച്ചു. അതിർത്തിക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ മാത്രമേ കാനഡയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും ഇന്ത്യ വ്യക്തമാക്കി.

English Summary:

India Condemns Canada's "Absurd" Allegations, Citing Vote-Bank Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com