പൊലീസിനു നേരെ പെപ്പർ സ്പ്രേ, പടക്കം പൊട്ടിച്ചതിന്റെ പുകയും മറയാക്കി; പ്രതികൾ നടത്തിയത് ദീർഘമായ മുന്നൊരുക്കം
Mail This Article
മുംബൈ ∙ വൈ കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയ നേതാവിനെ തിരക്കുള്ള വഴിയരികിൽവച്ച് വെടിവച്ച് കൊലപ്പെടുത്തുന്നു. ഏതു സമയത്തും പൊലീസ് വലയത്തിലുള്ള ഒരു മുൻ മന്ത്രിക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തെയാകെ ഞെട്ടിച്ചു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ പ്രതികൾ ദീർഘമായ മുന്നൊരുക്കമാണ് നടത്തിയതെന്നു പൊലീസ് പറയുന്നു. ദുർഗാ പൂജയ്ക്കെത്തിയ ജനക്കൂട്ടവും റോഡിൽ പടക്കം പൊട്ടിച്ചതു മൂലമുണ്ടായ പുകയും മറയാക്കിയാണ് പ്രതികൾ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
പ്രതികളായ ധർമരാജ് കശ്യപ്, ശിവകുമാർ ഗൗതം, ഗുർമൈൽ സിങ് എന്നിവർ മുംബൈയിൽ താമസിച്ച് സിദ്ദിഖിയുടെ വീടും പരിസരവും ഓഫിസുമെല്ലാം രണ്ടു മാസത്തോളമാണ് നിരീക്ഷിച്ചത്. പ്രതികൾക്ക് ലോറൻസ് ബിഷ്ണോയ് 50,000 രൂപ മുൻകൂറായി നൽകി. ബാക്കി 2 ലക്ഷം കൊലപാതകത്തിന് ശേഷം നൽകുമെന്ന് അറിയിച്ചു. പ്രതികൾ സെപ്റ്റംബറില്‍ കുർളയിൽ എത്തി. പ്രതിമാസം 14,000 രൂപയ്ക്ക് മുറി വാടകയ്‌ക്കെടുത്തു. മൂന്നുപേർക്കും സിദ്ദിഖിയുടെ ചിത്രങ്ങൾ കൈമാറിയിരുന്നു. സെപ്റ്റംബർ ആദ്യം തന്നെ കൊലപാതകത്തിനുള്ള എല്ലാ ആസൂത്രണവും നടന്നെന്നാണ് പൊലീസ് പറയുന്നത്.
ബാബാ സിദ്ദിഖിയെ മകന്റെ ഓഫിസിന് മുന്നിൽ വച്ച് വെടിവച്ചു വീഴ്ത്തിയ ശേഷം പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് ദുർഗാപൂജാ ഘോഷയാത്രയ്ക്കിടയിലൂടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. റോഡിൽ പലയിടത്തും ആൾക്കൂട്ടമുള്ളതും പടക്കത്തിന്റെ പുകയുള്ളതും പ്രതികൾ മുതലാക്കി. സമീപത്തെ പാർക്കിലേക്കാണ് ഇവർ ആദ്യം ഓടിയത്. പെട്ടെന്നുതന്നെ പൊലീസ് പാർക്ക് വളഞ്ഞു. അവിടെ വച്ച് രണ്ടുപ്രതികളെ പിടികൂടുകയും ചെയ്തു. ഒരാൾ ഓടിരക്ഷപ്പെട്ടു.
‘‘സാധാരണഗതിയിൽ മൂന്നു പേരാണ് ബാബാ സിദ്ദിഖിക്കൊപ്പം സുരക്ഷയ്ക്കായുണ്ടാവുക. ചില സമയങ്ങളിൽ രണ്ടുപേരായിരിക്കും. രാത്രികളിൽ ചിലപ്പോൾ ഒരാൾ മാത്രമാണ് സുരക്ഷയ്ക്ക് ഉണ്ടാകാറുള്ളത്. എന്നാൽ അദ്ദേഹത്തിന് നേരത്തേ ഭീഷണി സന്ദേശങ്ങളോ ഫോണുകളോ ലഭിച്ചതിനെ പറ്റിയൊന്നും തങ്ങളെ അറിയിച്ചിരുന്നില്ല’’– നിർമ്മൽ നഗറിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളിൽനിന്ന് രണ്ടു ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റളുകളാണ് പൊലീസ് പിടിച്ചെടുത്തത്. 28 ബുള്ളറ്റുകൾ ലോഡ് ചെയ്ത 4 മാഗസിനുകൾ, 4 മൊബൈൽ ഫോണുകൾ, ആധാർ കാർഡ് എന്നിവ അവരുടെ കൈവശമുണ്ടായിരുന്നു.
ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ ലോറൻ ബിഷ്ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായും സൽമാൻ ഖാനുമായും അടുപ്പമുള്ളതുകൊണ്ടാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് സംഘം വെളിപ്പെടുത്തിയത്. കേസിൽ ആറുപേരാണ് നിലവിൽ പ്രതികൾ. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ഒരാളെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.