‘25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സിപിഐ 2 തവണ വിറ്റു; എന്നോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു’
Mail This Article
ആലപ്പുഴ ∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനു മറുപടിയുമായി പി.വി.അന്‍വര്‍ എംഎല്‍എ. സിപിഐ സീറ്റ് കച്ചവടക്കാരാണെന്നും 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് 2 തവണ അവർ വിറ്റെന്നും അൻവർ ആരോപിച്ചു. ഏറനാട്ട് എന്നെ സ്ഥാനാര്‍ഥിയാക്കിയത് ഇടതുമുന്നണി നേതാക്കളാണ്. പിന്നീട് സിപിഐ ചതിച്ചു. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനെ മുസ്‍ലിം ലീഗാണു സ്വാധീനിച്ചത്. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം രൂപ നല്‍കി. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ വക്കീല്‍ നോട്ടിസ് അയയ്ക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
‘‘ഏറനാട്ട് ഞാന്‍ സ്വതന്ത്രനായി മത്സരിച്ചതല്ല, സിപിഎമ്മും സിപിഐയും നേരില്‍കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സിപിഐ പിന്മാറി. ഇടതുപക്ഷ മുന്നണിയുടെ നിര്‍ദേശപ്രകാരമാണു തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ജയിച്ചാല്‍ എൽഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുമെന്ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നും പറഞ്ഞു. 25 ലക്ഷം രൂപയ്ക്കു മണ്ഡലം വിറ്റ പാര്‍ട്ടിയാണു സിപിഐ. ഇത്തവണയും ഏറനാട് സീറ്റ് സിപിഐ വിറ്റു. അവരുടെ സ്ഥാനാര്‍ഥിയെ ആര്‍ക്കും അറിയില്ല.
ക്വാറി ഉടമകളില്‍നിന്നും വലിയ ധനികരില്‍നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഐ നേതാക്കള്‍ കോടികള്‍ പിരിച്ചു. ഒരു രൂപ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. വയനാട്ടിൽ പോസ്റ്റര്‍ അടിക്കാനോ പശ വാങ്ങാനോ പോലും സ്ഥാനാർഥി ആനി രാജയ്ക്കു പണമില്ലായിരുന്നു. പണം നല്‍കിയാല്‍ ഏതു ഭൂമിയും നികത്തി കൊടുക്കും. ഭൂമി തരംമാറ്റത്തിന്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എഡിജിപി വിഷയത്തില്‍ അവര്‍ക്ക് നിലപാടില്ല. പിണറായി വിജയന്റെ അനുജനാണു ബിനോയ് വിശ്വം. സിപിഎമ്മിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികളാണ് സിപിഐ’’– അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്നു നേരത്തേ ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. അന്‍വറിനെ പോലുള്ള ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണിത്. ആ പാഠം എല്ലാവര്‍ക്കും ബാധകമാണെന്നുമാണു ബിനോയ് വിശ്വം പറഞ്ഞത്.