തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്
Mail This Article
തൃശൂർ∙ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി.
ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.