‘ദിവ്യയുടെ വിമർശനം സദുദ്ദേശ്യത്തോടെ; പക്ഷേ, യാത്രയയപ്പ് യോഗത്തിൽ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു’
Mail This Article
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. എന്നാൽ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അതേപടി മാധ്യമങ്ങളോട് ആവർത്തിച്ചു എന്നതല്ലാതെ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. ദിവ്യക്കെതിരായി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങി.
‘‘ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ അങ്ങനെ പറഞ്ഞത് അഴിമതിക്കെതിരായി സദുദ്ദേശ്യത്തോടെയാണ്. ജനപ്രതിനിധിയാകുമ്പോൾ സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകൾ ജനങ്ങൾ പറയും. അങ്ങനെ പറഞ്ഞുകേട്ട ജനകീയ സങ്കടങ്ങളാണെങ്കിൽ പോലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച എല്ലാ പരാതികളും സർക്കാർ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്.’’ ജയരാജൻ പറഞ്ഞു.