കേന്ദ്രത്തിന്റെ ആദായ വിൽപന: കൊച്ചിൻ ഷിപ്‌യാഡ് ഓഹരി 5% ഇടിഞ്ഞു, വിപണിമൂല്യത്തിലും വീഴ്ച
Mail This Article
കൊച്ചി∙ കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം കൂപ്പുകുത്തി ലോവർ-സർക്യൂട്ടിലെത്തി. വിപണിവിലയേക്കാൾ കുറഞ്ഞനിരക്കിൽ ഓഹരി വിൽപന നടത്താനുള്ള കേന്ദ്ര തീരുമാനമാണ് തിരിച്ചടിയായത്. ഇന്നലെ 1,673 രൂപയായിരുന്നു വ്യാപാരാന്ത്യത്തിൽ ഓഹരിവില. ഓഹരി വിപണിയിലെ വ്യാപാരം അവസാനിച്ചശേഷമാണ് അപ്രതീക്ഷിതമായി ഓഹരി വിൽപന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
5 ശതമാനം ഓഹരികൾ കേന്ദ്രം ഒന്നിന് 1,540 രൂപ നിരക്കിൽ വിൽക്കുന്നു എന്നായിരുന്നു സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കൊച്ചിൻ ഷിപ്‌യാഡ് അറിയിച്ചത്. ഇതോടെ, ഇന്ന് കമ്പനിയുടെ ഓഹരികളിൽ ലാഭമെടുപ്പ് സമ്മർദം ശക്തമായി. ഓഹരിവില കൂപ്പുകുത്തുകയും ചെയ്തു. നിലവിൽ 1,588.35 രൂപയാണ് ഓഹരി വില. ഇന്നലെ 44,000 കോടി രൂപയ്ക്ക് മുകളിലായിരുന്ന വിപണിമൂല്യം, ഇന്ന് 41,786 കോടി രൂപയിലേക്കും ഇടിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്‌യാഡ് ഓഹരികളുടെ എക്കാലത്തെയും ഉയർന്ന വില. അന്ന് വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടവും ഒരുവേള കൊച്ചിൻ ഷിപ്‌യാഡ് സ്വന്തമാക്കിയിരുന്നു.
ഇന്ന് നോൺ-റീറ്റെയ്ൽ നിക്ഷേപകർക്കാണ് കേന്ദ്രം നടത്തുന്ന ഓഹരി വിൽപനയിൽ (ഓഫർ-ഫോർ-സെയിൽ) പങ്കെടുത്ത് ഓഹരികൾക്കായി അപേക്ഷിക്കാൻ അവസരം ലഭിക്കുക. റീറ്റെയ്ൽ (ചെറുകിട) നിക്ഷേപകർക്ക് നാളെ അപേക്ഷിക്കാനാകും. 2,000 കോടി രൂപയാണ് ഓഹരി വിൽപന വഴി കേന്ദ്രം സമാഹരിക്കുന്നത്. 2017ൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതു വരെ കൊച്ചി കപ്പൽശാലയുടെ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 72.86 ശതമാനം ഓഹരി പങ്കാളിത്തമാണ് കൊച്ചിൻ ഷിപ്‌യാഡിൽ കേന്ദ്രത്തിനുള്ളത്. ഒഎഫ്എസിന് ശേഷം കൊച്ചി കപ്പൽശാലയിൽ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം 67.86 ശതമാനമായി കുറയും.