കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി പ്രകാശ്, ഞെട്ടി അധികൃതർ; വിഡിയോ വൈറൽ
Mail This Article
പട്ന∙ കഴുത്തിൽ പാമ്പിനെ ചുറ്റി ആശുപത്രിയിലേക്ക് കയറി വന്ന പ്രകാശ് മണ്ഡലിനെ കണ്ട് ആദ്യം എല്ലാവരും ഞെട്ടി. പാമ്പിന്റെ വായ കയ്യുപയോഗിച്ച് പ്രകാശ് അമർത്തി പിടിച്ചിരുന്നു. പിന്നാലെയാണ് ആശുപത്രി അധികൃതർക്ക് കാര്യം മനസ്സിലായത്. തന്നെ കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നു പ്രകാശ്.
ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ റസ്സൽസ് വൈപ്പറാണ് (അണലി വിഭാഗം) പ്രകാശ് മണ്ഡലിനെ കടിച്ചത്. ബിഹാറിലെ ഭഗൽപുരിലായിരുന്നു സംഭവം. കടി കിട്ടിയതിനു പിന്നാലെ പാമ്പിനെയും കഴുത്തിലിട്ട് പ്രകാശ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ആശുപത്രി ജീവനക്കാർ ആദ്യം പകച്ചെങ്കിലും വൈകാതെ ചികിത്സ നൽകി.
പാമ്പിനെ കയ്യിൽ പിടിച്ച് ചികിത്സിക്കുന്നത് എങ്ങനെയെന്നായി ഡോക്ടർമാരുടെ അടുത്ത ചിന്ത. ഒടുവിൽ പാമ്പിനെ പ്രകാശിന്റെ കയ്യിൽനിന്ന് വിടുവിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. പ്രകാശിന്റെ ആരോഗ്യനിലയെപ്പറ്റി വിവരം പുറത്തുവന്നിട്ടില്ല. പ്രകാശിന്റെയും പാമ്പിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.