മുങ്ങുന്ന ‘ട്രൂഡോ കപ്പല്‍’, രക്ഷ സിഖ് വോട്ടുബാങ്ക്; ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ ആ രേഖ എന്ത്?
Mail This Article
ഒരിടവേളയ്ക്കുശേഷം ഇന്ത്യ- കാനഡ ബന്ധത്തില്‍ വീണ്ടും ഉലച്ചിലുണ്ടായിരിക്കുകയാണ്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആരോപണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ കാനഡയിലെ ഹൈക്കമ്മിഷണറെയും ആറു നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിനു മുന്‍പ് 2019ലാണ് ഒരു രാജ്യത്തെ പ്രതിനിധി സംഘത്തെ തിരിച്ചുവിളിക്കുകയെന്ന കടുത്ത നടപടിയിലേക്ക് ഇന്ത്യ നീങ്ങിയത്. പാക്കിസ്ഥാനായിരുന്നു ആ രാജ്യം. പുല്‍വാമ ആക്രമണത്തിനു പിന്നാലെയാണ് ഇസ്‌ലാമാബാദില്‍നിന്നു നയതന്ത്ര സംഘത്തെ ഇന്ത്യ പിന്‍വലിച്ചത്. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കടന്ന് ഒരു ഭീഷണിയും സൃഷ്ടിക്കാതിരുന്നിട്ടും രണ്ടു രാജ്യങ്ങളും പരസ്പരം ആയുധമെടുക്കാതിരുന്നിട്ടും കാനഡയ്ക്കെതിരെ ഇന്ത്യ ഇത്രയും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്തിനാണ്. ഇന്ത്യ-കാനഡ ബന്ധം വഷളാകാനുള്ള കാരണങ്ങളെന്ത്?
∙ വിടാതെ നിജ്ജര്‍ വധം
ഖലിസ്ഥാന്‍ തീവ്രവാദികളോടുള്ള കാനഡയുടെ മൃദുസമീപനം ഇന്ത്യയ്ക്ക് എന്നും ഭീഷണിയുയര്‍ത്തിയിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കു പ്രധാന കാരണമായിട്ടുള്ളതും കാനഡയുടെ ഖലിസ്ഥാന്‍ പ്രണയം തന്നെ. ഇത്തവണയും ഖലിസ്ഥാന്‍ തന്നെയാണു വിഷയം. 2023 ജൂണില്‍ ഖലിസ്ഥാന്‍ നേതാവ് നിജ്ജാര്‍ കാനഡയിലെ ഗുരുദ്വാരയ്ക്കു പുറത്ത് അജ്ഞാതരുടെ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് ഒരു വര്‍ഷത്തിനിപ്പുറവും ഇന്ത്യ-കാനഡ ബന്ധം കലുഷിതമാക്കുന്നത്.
നിജ്ജറുടെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നുമുതല്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജര്‍ വധവുമായി ബന്ധമുണ്ടെന്നും ഇതിനു ‘വിശ്വസനീയമായ തെളിവുകള്‍’ പക്കലുണ്ടെന്നും ട്രൂഡോ 2023 സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചു. പിറ്റേന്നു തന്നെ ഇന്ത്യ ആരോപണങ്ങള്‍ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ചു തള്ളി. അന്നും രണ്ടു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ താല്‍ക്കാലികമായി വീസ നിഷേധിക്കുകയും ചെയ്തിരുന്നെങ്കിലും രണ്ടു മാസത്തിനുള്ളില്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഭാഗികമായി പരിഹരിച്ചു. എന്നാല്‍ ഇത്തവണ അത്രയെളുപ്പത്തില്‍ പരിഹരിക്കാവുന്ന നിലയിലല്ല കാര്യങ്ങളെന്നു വിദേശകാര്യ മന്ത്രാലയം കാനഡയ്ക്കും ട്രൂഡോയ്ക്കും എതിരെ ഉപയോഗിച്ച വാക്കുകള്‍ വ്യക്തമാക്കുന്നു.
∙ അന്വേഷണ റഡാറില്‍ ഹൈക്കമ്മിഷണറും; കടുത്ത ഭാഷയില്‍ വിദേശകാര്യ മന്ത്രാലയം
നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെയും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുന്നുവെന്നു വിദേശകാര്യ മന്ത്രാലയത്തിന് 14നാണ് കാനഡ കത്തയച്ചത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും ആറു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തുന്നുവെന്നാണ് കാനഡയുടെ വിശദീകരണം. ഒക്ടോബര്‍ 15ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ട്രൂഡോയ്‌ക്കെതിരെ വ്യക്തിപരമായും കനേഡിയന്‍ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചും നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ ഇന്ത്യ അതീവഗൗരവമായാണു കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന സൂചന നല്‍കുന്നു.
‘‘പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെനാളായി പരസ്യമാണ്. 2018ല്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹത്തിനുതന്നെ തിരിച്ചടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദ, വിഘടനവാദ അജന്‍ഡയുമായി പരസ്യമായി ബന്ധമുള്ള വ്യക്തികള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഭാഗമാണ്. 2020 ഡിസംബറില്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെട്ട അദ്ദേഹത്തിന്റെ പ്രവൃത്തി ഇക്കാര്യത്തില്‍ അദ്ദേഹം ഏതറ്റം വരെയും പോകാന്‍ തയാറാണെന്നു വ്യക്തമാക്കിത്തന്നു.
ഇന്ത്യയ്‌ക്കെതിരെയുള്ള വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തി നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചാണ് ട്രൂഡോ സര്‍ക്കാരുള്ളത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും അക്രമാസക്തരായ തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും ട്രൂഡോ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് അവസരം നല്‍കുന്നു’’’- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
∙ മുങ്ങുന്ന ട്രൂഡോ കപ്പല്‍, രക്ഷ സിഖ് വോട്ടുബാങ്ക്?
വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ട്. എന്താണ് ആ വോട്ടുബാങ്ക്? കാനഡയുടെ ജനസംഖ്യയില്‍ 2.1% വരുന്ന സിഖ് വംശജരാണ് അത്. 7,70,000ത്തിലേറെയുള്ള സിഖ് ജനതയുടെ വോട്ടിലാണ് ട്രൂഡോയുടെ കണ്ണ്. പഞ്ചാബിനു പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് വംശജരുള്ളത് കാനഡയിലാണ്. അതുകൊണ്ടുതന്നെ ഖലിസ്ഥാന്‍ വാദികള്‍ക്കും കനേഡിയന്‍ മണ്ണില്‍ കാര്യമായ വേരോട്ടമുണ്ട്. രണ്ട് പ്രധാന ഖലിസ്ഥാന്‍ സംഘടനകളായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രവും കാനഡയാണ്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ കാനഡയിലെ നേതാവായിരുന്നു കൊല്ലപ്പെട്ട നിജ്ജര്‍.
ഏതുനിമിഷവും പുറത്തായേക്കാവുന്ന തന്റെ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അവസാന അടവും പയറ്റുകയാണ് ട്രൂഡോയെന്നും പറയാം. 2021ലെ തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലെത്തിയെങ്കിലും അത് അരക്കിട്ടുറപ്പിച്ച വിജയമായിരുന്നില്ല. 338 അംഗ കനേഡിയന്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 170 സീറ്റ് തികയ്ക്കാനാകാതെ വെറും 154 സീറ്റു മാത്രമാണ് ലിബറല്‍സിന് ലഭിച്ചത്. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ട്രൂഡോയുടെ രക്ഷയ്‌ക്കെത്തിയത് ഖലിസ്ഥാന്‍ നേതാവ് ജഗ്മീത് സിങ് നേതൃത്വം നല്‍കുന്ന നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. 24 സീറ്റില്‍ വിജയിച്ച എന്‍ഡിപി ലിബറല്‍ പാര്‍ട്ടിയെ പുറത്തുനിന്നു പിന്തുണച്ചു. അവിശ്വാസ പ്രമേയമുണ്ടായാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നതായിരുന്നു ധാരണ.
എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍ഡിപി ആ പിന്തുണ പിന്‍വലിച്ചു. ട്രൂഡോ വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചും രാജ്യത്തെ വിലക്കയറ്റം ചൂണ്ടിക്കാണിച്ചും ഒക്കെയാണ് ജഗ്മീത് സിങ് സര്‍ക്കാരിനെ കൈവിട്ടതെങ്കിലും കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിയുന്നതും അടുത്ത തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയിക്കില്ലെന്ന പ്രതീതിയുണ്ടായതുമാണ് എന്‍ഡിപിയുടെ പിന്മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റയ്ക്ക് കാനഡയുടെ ഭാവി നിര്‍ണയിക്കാനാകുംവിധം ശക്തമായി എന്‍ഡിപി വളര്‍ന്നു കഴിഞ്ഞെന്നും ജഗ്മീത് സിങ് അവകാശപ്പെട്ടിട്ടുണ്ട്.
ഇതോടെ 2025 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് വരെ കാലാവധി തികയ്ക്കാനാകുമോ എന്നറിയാതെ ഏതുനിമിഷവും താഴെ വീഴുമെന്ന അവസ്ഥയിലാണ് ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങള്‍ ഖലിസ്ഥാന്‍ വാദികള്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് ട്രൂഡോ.
∙ ഇതാണാ രേഖ
കനേഡിയന്‍ പൗരന്മാരെ ആക്രമിക്കാന്‍ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ ഉപയോഗിച്ചുവെന്ന് ട്രൂഡോ പറഞ്ഞതിനു പിന്നാലെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും കോണ്‍സുലര്‍ ജീവനക്കാരും ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നതിനായും ദക്ഷിണേഷ്യന്‍ കനേഡിയന്‍ പൗരന്മാരെ ആക്രമിക്കുന്നതിനുമായി വ്യക്തിവിവരങ്ങള്‍ മറച്ചുവച്ച് ആള്‍മാറാട്ടം നടത്തുന്നു എന്നും ആരോപിച്ച് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) വാര്‍ത്താസമ്മേളനം നടത്തി. ഇന്ത്യാ സര്‍ക്കാരിന്റെ ‘ഏജന്റുമാരായി’ പ്രവര്‍ത്തിക്കുന്നവര്‍ കാനഡയില്‍ കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നതിനു തെളിവുണ്ടെന്നും ആര്‍സിഎംപി കമ്മിഷണര്‍ മൈക്ക് ദുഹെമെ പറഞ്ഞു.
നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിനു ശക്തമായ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ഇന്നുവരെ അതെന്താണെന്ന് ട്രൂഡോ എവിടെയും പരസ്യമായി പറഞ്ഞിട്ടില്ല. തെളിവുകള്‍ കാനഡ കൈമാറിയെന്നു പറയുന്ന ഫൈവ് ഐസ് കൂട്ടായ്മയിലെ അംഗങ്ങളായ നാറ്റോ, ജി7, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, യുകെ, യുഎസ് എന്നിവരും അതേക്കുറിച്ച് ഒന്നും മിണ്ടിക്കാണുന്നുമില്ല. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍, അമന്‍ദീപ് സിങ് എന്നീ ഇന്ത്യക്കാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല.
നിജ്ജര്‍ വധമടക്കം കാനഡയുടെ ഒരു ആരോപണങ്ങളും തെളിയിക്കുന്ന രേഖകളൊന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ അതില്‍ അന്വേഷണം നടത്താതെ ഇന്ത്യ മാറി നില്‍ക്കില്ലെന്നതിനു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. യുഎസ് പൗരനായ സിഖ് വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത വധിക്കാന്‍ ശ്രമിച്ചതില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന യുഎസിന്റെ ആരോപണത്തില്‍ ഇന്ത്യയുടെ നടപടികള്‍ ഇതിനു തെളിവാണ്. ആരോപണം നിഷേധിച്ച ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെളിവുകള്‍ നല്‍കാതെ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നത് ട്രൂഡോയുടെ നിലനില്‍പ് തന്ത്രമാണെന്നേ കരുതാനാകൂ.