‘രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണം, തെറ്റ് തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും’
Mail This Article
പാലക്കാട്∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും സരിൻ പറഞ്ഞു.
‘‘ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല ഞാൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴത്തെ സ്ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും.
പുനഃപരിശോധിച്ച് രാഹുൽ തന്നെയാണ് സ്ഥാനാർഥിയെന്നു പറഞ്ഞാൽ പ്രശ്നം തീർന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണ്. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? ഞാൻ കോൺഗ്രസ് വാട്സാപ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ.’’– സരിൻ പറഞ്ഞു.
സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാർട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, പി.സരിൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. സരിൻ ചോദ്യം ചെയ്തത് എഐസിസിയുടെ നടപടിയെയാണെന്ന് കെപിസിസി പറഞ്ഞു. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിൽ നടത്തണമായിരുന്നെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.