വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്: സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ
Mail This Article
കൊച്ചി ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എല്‍സ്റ്റൺ എസ്റ്റേറ്റുമാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജികള്‍ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. ഇതിനുള്ള മറുപടി പരാതിക്കാർ അതിനുശേഷം ഒരാഴ്ചയ്ക്കുള്ളിലും സമർപ്പിക്കണം. ഈ സമയത്ത് ഏറ്റെടുക്കൽ നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് വീണ്ടും നവംബർ നാലിന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാണ് ഹാരിസൺ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപു പല സമയങ്ങളിലും ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കോടതികൾ തടയുകയായിരുന്നു എന്നും ഹാരിസൺ ഹർജിയിൽ ചൂണ്ടിക്കാട്ടി.
‘‘വയനാട്ടിലെ ഉരുൾപൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഞങ്ങള്‍ക്കും വലിയ നഷ്ടങ്ങളുണ്ടായി. ഒട്ടേറെ തൊഴിലാളികൾ മരിച്ചു, എസ്റ്റേറ്റിന്റെ 11 ഹെക്ടറോളം തൂത്തെറിയപ്പെട്ടു, ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും തകർന്നു. ആകെ 13 കോടി രൂപ നഷ്ടമുണ്ടായി. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണ് എന്നിരിക്കെയാണ് നഷ്ടപരിഹാരം നൽകാതെ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്, ഇത് തടയണം.’’ ഹാരിസൺ പറയുന്നു.
ഇതേ കാര്യങ്ങൾ തന്നെയാണ് എല്‍സ്റ്റൺ എസ്റ്റേറ്റും ചൂണ്ടിക്കാട്ടിയത്. ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിക്കൊണ്ടാവണമെന്നും എൽസ്റ്റൺ പറഞ്ഞു. ഇതിനു പുറമെ നെടുമ്പാല എസ്റ്റേറ്റ്, എല്‍സ്റ്റൺ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തുകളിലെ എസ്റ്റേറ്റുകളില്‍ സർക്കാരിന്റെ അവകാശമുന്നയിച്ച് സിവിൽ നടപടികൾ തുടങ്ങാനുള്ള സർക്കാരിന്റെ ഉത്തരവും ഇരുകൂട്ടരും ചോദ്യം ചെയ്തു. ഭൂനികുതി അടക്കം അടയ്ക്കുന്ന ഭൂമിയിൽ ഉള്ള അധികാരം കോടതികൾ ശരിവച്ചിട്ടുള്ളതാണെന്ന് ഹർജിക്കാർ പറഞ്ഞു. എന്നാൽ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരാണ് എസ്റ്റേറ്റ് ഭൂമിയുടെ ഉടമയെന്നും പാട്ടക്കരാർ കാലാവധി പൂർത്തിയായതും അല്ലാത്തതുമെല്ലാം ഏറ്റെടുക്കാൻ അധികാരമുണ്ടെന്നും സർക്കാർ വാദിച്ചു. ഹാരിസണിന്റേത് പോലെ വിദേശ ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റ് അല്ലെന്നാണ് എൽസ്റ്റൺ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതുകൊണ്ട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.