പാലക്കാട് ബിജെപി സസ്പെൻസ്; മാനദണ്ഡം വിജയം മാത്രം, ആകാംക്ഷയോടെ നേതാക്കളും പ്രവർത്തകരും
Mail This Article
പാലക്കാട് ∙ ബിജെപി താമരക്കോട്ടയെന്നു വിശേഷിപ്പിക്കുന്ന പാലക്കാട് ആരായിരിക്കും പാർട്ടിയുടെ സ്ഥാനാർഥി ? യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കുകയും എൽഡിഎഫിന്റേത് പി.സരിനാകുമെന്ന് ഏതാണ്ട് വ്യക്തമാവുകയും ചെയ്തതോടെ, തങ്ങളുടെ സ്ഥാനാർഥി ആരാകുമെന്ന ആകാംക്ഷയിലാണ് ബിജെപി നേതൃത്വവും പ്രവർത്തകരും.
ബിജെപി സ്വാധീനം ശക്തമായ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആരെന്നത് യുഡിഎഫ് എൽഡിഎഫ് ക്യാംപുകളിലും ചർച്ചയാണ്. വയനാട്ടിൽ പ്രശസ്ത സിനിമാതാരം ഖുശ്ബുവിനെ പരിഗണിക്കുന്നതായി വാർത്തവന്നതോടെ ബിജെപി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ച കൂടുതൽ ചൂടുപിടിച്ചെങ്കിലും സാധ്യതയെക്കുറിച്ച് എന്തെങ്കിലും വ്യക്തമായ സൂചന ഇതുവരെയില്ല.
നാളെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ പാർട്ടി നേതൃത്വം നൽകുന്നുണ്ട്. തുടക്കം മുതൽ കേൾക്കുന്ന ഊഹാപോഹങ്ങൾ ശക്തമായി തുടരുന്നു. ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്ന രീതിയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയാണ് ഔദ്യോഗിക ഭാഗത്തുനിന്ന് സ്ഥാനാർഥിയെ കുറിച്ചുണ്ടായ ഏക അനൗദ്യോഗിക പ്രതികരണം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും മണ്ഡലത്തിൽ സജീവമാണ്.
സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാപട്ടികക്കു പുറത്തുള്ളവർ വരാനുളള സാധ്യതയും ചർച്ചയാണ്. പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർ അസ്വസ്ഥരാണ്. ഇത്തവണ മണ്ഡലത്തിൽ ബിജെപിക്ക് സാധ്യത വർധിച്ചതായി അവർ വിലയിരുത്തുന്നു.
അതിനാൽ, ഏത്രയും വേഗം സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നും വിജയസാധ്യത മാത്രമായിരിക്കണം തീരുമാനത്തിനു മാനദണ്ഡമെന്നും അവർ ആവശ്യപ്പെടുന്നു. ഇപ്പാഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ കഴിവുളള സ്ഥാനാർഥിക്ക് വിജയം ഉറപ്പെന്നാണ് നേതാക്കളുടെ അവകാശവാദം.
പതിവിനു വിപരീതമായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് പ്രചരണരംഗത്ത് സജീവമായി. വൻ റോഡ് ഷോയും നടത്തി. എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിക്കും.
നാളെ സിപിഎം പാലക്കാട് ടൗണിൽ റോഡ്ഷോ തീരുമാനിച്ചിട്ടുണ്ട്. ഇരുമുന്നണികളും വൻ പ്രചരണത്തിനാണ് തയാറെടുക്കുന്നത്. ഇതേസമയം, ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള അന്തിമനടപടി ആരംഭിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കോർകമ്മിറ്റി കേന്ദ്രത്തിനു നൽകിയ സ്ഥാനാർഥി സാധ്യതാപട്ടിക പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്.
സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് എന്നിവരാണ് സാധ്യതാപട്ടികയിലുളളതെന്നാണു വിവരം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്നു ശക്തമായ ആവശ്യമുയർന്നെങ്കിലും അദ്ദേഹം യോജിച്ചില്ല. എന്നാൽ, അതിനുളള സാധ്യത ചർച്ചയിലുണ്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനം പാർട്ടി കേന്ദ്രകമ്മിറ്റിയുടേതാണ്.
കോൺഗ്രസിലെയും സിപിഎമ്മിലെയും പുതിയ സംഭവവികാസങ്ങൾ എൻഡിഎക്ക് അനുകൂലമെന്നാണ് ബിജെപി ക്യാംപിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിലെത്തിയ പി.സരിൻ ഉയർത്തിയ പ്രശ്നങ്ങളിൽ അസംതൃപ്തരായ ന്യൂനപക്ഷാംഗങ്ങൾ ഉൾപ്പെടെ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ തുണ എൻഡിഎക്ക് ലഭിക്കും. അതിനു തയാറാകാത്തവർ സിപിഎമ്മിനെ സഹായിക്കാനാണ് സാധ്യതയെന്ന് അവർ വിലയിരുത്തുന്നു. സ്ഥാനാർഥിയുടെ സാധ്യത നോക്കിയശേഷം പ്രവർത്തനത്തിന് ഇറങ്ങാനാണ് ആർഎസ്എസ് തീരുമാനം.