വയനാട് ഉരുൾപൊട്ടൽ: കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം
Mail This Article
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ വാർഷിക ദുരിതാശ്വാസ വിഹിതത്തിൽ നിന്നുള്ള 782 കോടി രൂപ സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർന്ന് ഈ തുക വയനാട്ടിലെ ദുരിതാശ്വാസ നടപടികൾക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. വയനാട്ടിലും സംസ്ഥാനത്തെ മുഴുവൻ ഹിൽ സ്റ്റേഷനുകളിലും ‘സൊണേഷൻ’ പഠനം നടത്താനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാൽപര്യ ഹർജികളുമാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്രം അടിയന്തര ധനസഹായം നൽകിയിട്ടുള്ള കാര്യം സംസ്ഥാന സർക്കാരും അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചത്. ഈ വർഷം സംസ്ഥാനത്തെ ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രവിഹിതമായി അനുവദിച്ചിരിക്കുന്നത് 388 കോടി രൂപയാണ്. ഇതിൽ 291 കോടി രൂപ കേന്ദ്രവും ബാക്കി സംസ്ഥാന സർക്കാരും വഹിക്കണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 145 കോടി രൂപ വീതം കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ 394 കോടി രൂപ ബാക്കിയുണ്ട്. ഇതുൾപ്പെടെ 782 കോടി രൂപ ഇപ്പോൾ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്.
എന്നാൽ വയനാട് ഉരുള്‍പൊട്ടൽ മാത്രമല്ല, വേറെയും ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം കൂടി ഉള്ള വാർഷിക വിഹിതമാണ് ഇപ്പോഴുള്ളത്. വയനാടിന് പ്രത്യേകമായി കേന്ദ്രം സഹായം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. വയനാട് സന്ദർശിച്ച ഉന്നതതല സംഘം ഇതിന്റെ റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും അവർ പരിശോധിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. അടിയന്തര ദുരിതാശ്വാസത്തിനായി 214.68 കോടി രൂപ അനുവദിക്കണമെന്ന് കേരളം മെമ്മോറാണ്ടം നൽകിയിരുന്നു എന്നും കേന്ദ്രം പറഞ്ഞു.
വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ദീർഘകാല കാര്യങ്ങൾക്ക് സഹായം അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാനം ഒരു പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ) എന്ന പഠനം നടത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനായി സമർപ്പിക്കേണ്ടത്. തങ്ങൾ ഈ പിഡിഎൻഎ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ഇതും തുടർന്നുള്ള വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്നും കേന്ദ്രം വിശദമാക്കി.
തുടർന്നാണ് വയനാടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുള്ള 788 കോടി രൂപ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. വയനാട്ടിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് നിർമിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
വയനാട്ടിലെ പുനരധിവാസം നടത്തേണ്ട മേഖലകളിൽ ‘സൊണേഷൻ’ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓരോ സ്ഥലത്തും എന്താണ് അനുയോജ്യമായത് എന്നു തീരുമാനിക്കാനുള്ളതാണ് ഈ പഠനം. തുടർന്ന് ഇത് സംസ്ഥാനത്തെ എല്ലാ ഹിൽ സ്റ്റേഷനുകളിലും നടത്താനും കോടതി നിർദേശിച്ചു. ഓരോ പ്രദേശത്തും എന്തൊക്കെ ചെയ്യാം, നിർമിക്കാം, നിർമിക്കാതിരിക്കാം തുടങ്ങി എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്കും ലഭ്യമാക്കാനും കോടതി നിർദേശിച്ചു. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.