ജാർഖണ്ഡ്: ബിജെപി സ്ഥാനാർഥി പട്ടികയിൽ 2 മുൻ മുഖ്യമന്ത്രിമാർ; സീതാ സോറനും മത്സരിക്കും
Mail This Article
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പട്ടികയിൽ രണ്ടു മുൻ മുഖ്യമന്ത്രിമാരും. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി, ചംപയ് സോറൻ എന്നിവരാണ് ബിജെപിക്കായി മത്സരിക്കുന്നത്. 66 പേരുടെ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ഓഗസ്റ്റിലാണ് ചംപയ് സോറൻ ബിജെപിയിൽ ചേർന്നത്. ചംപയ് സോറന്റെ മകൻ ബാബുലാൽ സോറൻ, മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യ സീതാ സോറൻ എന്നിവരും ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. ജാർഖണ്ഡ് ബിജെപി പ്രസിഡന്റാണ് ബാബുലാൽ മറാൻഡി. ബിജെപി 68 സീറ്റിലും ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ പത്തു സീറ്റിലുമാണ് മത്സരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണു ചംപയ് സോറൻ മുഖ്യമന്ത്രിയായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. എന്നാൽ ഹേമന്ത് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. തുടർന്ന് ഹേമന്ത് സോറനുമായി കലഹത്തിലായ ചംപയ് സോറൻ ബിജെപിയിൽ ചേരുകയായിരുന്നു.