‘35 നിയന്ത്രണങ്ങളിൽ 5 എണ്ണം അംഗീകരിക്കാനാവില്ല; തൃശൂർ പൂരത്തിനെതിരെ കേന്ദ്രത്തിന്റേത് പരസ്യ വെല്ലുവിളി’
Mail This Article
തൃശൂർ ∙ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും റവന്യൂ മന്ത്രി കെ.രാജൻ. തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവയാണ്. ബാക്കിയുള്ളവ ഭേദഗതിയോടെ അംഗീകരിക്കാം. ഫയർലൈനിൽനിന്ന് 200 മീറ്റർ അകലെയാകണം മാഗസിൻ എന്ന നിബന്ധന വെടിക്കെട്ട് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. 2008ലെ സ്ഫോടകവസ്തു നിയമത്തിൽ 45 മീറ്ററെന്ന നിബന്ധനയാണുള്ളത്. ഇതു പുനഃസ്ഥാപിക്കണം. ഫയർലൈനിലെ ബാരിക്കേഡിൽനിന്നു വീണ്ടും 100 മീറ്റർ അകലെയേ ജനത്തെ നിർത്താവൂ എന്ന നിബന്ധന വന്നാൽ കാണികൾക്കു വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ വരും.
ഫയർലൈനും താൽക്കാലിക ഷെഡും തമ്മിൽ 100 മീറ്റർ അകലം വേണമെന്ന നിബന്ധനയാണു മറ്റൊരു വെല്ലുവിളി. വെടിക്കെട്ട് നടക്കുന്നിടത്ത് ഇരുമ്പ്, സ്റ്റീൽ വസ്തുക്കൾ പാടില്ലെന്ന നിബന്ധന അശാസ്ത്രീയമാണ്. വെടിക്കെട്ടിനുള്ള കുഴിയിൽ സ്ഥാപിക്കുന്ന കുഴൽ ഇരുമ്പിന്റേതാണ്. ഇതൊഴിവാക്കി എങ്ങനെ വെടിക്കെട്ടു നടത്തും? വെടിക്കെട്ടിന്റെ കാര്യത്തില്‍ മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ചർച്ച സംഘടിപ്പിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് പൊള്ളയായിരുന്നോ എന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കണം.
പൂരം തകർക്കാൻ ശ്രമിക്കുന്നതാരാണെന്നു വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. പ്രധാനമന്ത്രിക്കും പെട്രോളിയം വകുപ്പു മന്ത്രിക്കുമടക്കം പരാതി അയച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഇക്കാര്യത്തിൽ നടത്താൻ വേണ്ട നടപടിയെടുക്കുമെന്നും രാജൻ പറഞ്ഞു.