നവീൻബാബുവിന്റെ ആത്മഹത്യ: മുഖ്യമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാതെ കണ്ണൂർ കലക്ടർ
Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽനിന്നു വിട്ടുനിന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ. പിണറായിയിലെ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് കലക്ടർ വിട്ടുനിന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. എഡിഎം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടർ വിട്ടുനിന്നുവെന്നാണ് സൂചന.
പി.പി.ദിവ്യ യാത്രയയപ്പ് ചടങ്ങിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നവീൻബാബു ആത്മഹത്യ ചെയ്തത് എന്നാണ് ആക്ഷേപം. യാത്രയയപ്പു ചടങ്ങിൽ കലക്ടർ അരുൺ കെ.വിജയന്റെ ക്ഷണമനുസരിച്ചാണു താൻ പങ്കെടുത്തതെന്നാണ് ദിവ്യയുടെ വെളിപ്പെടുത്തൽ. യാത്രയയപ്പ് ചടങ്ങിൽ ആരും വിളിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കില്ലെന്നും ദിവ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന കാര്യം കലക്ടർക്ക് നേരത്തേ അറിയാമെന്നുമായിരുന്നു ആരോപണം. സഹപ്രവർത്തകനെ അധിക്ഷേപിച്ചിട്ടും തടയുകയോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിവിട്ടശേഷം എഡിഎമ്മിനെ കലക്ടർ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്നും ആരോപണമുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ അരുൺ കെ.വിജയനെ സ്ഥലം മാറ്റണോ എന്നത് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ തീരുമാനിക്കും. അവധിയിൽ പോകാമെന്ന താൽപര്യം കലക്ടർ അനൗദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നാളെ റവന്യു വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനിടെ, കലക്ടർ അരുൺ കെ.വിജയൻ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടിരുന്നു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് നേരിടുന്ന ദിവ്യയെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിച്ചേക്കും. നവീൻ ബാബുവിന്റെ ആത്മഹത്യ, പെട്രോൾ പമ്പിന്റെ അപേക്ഷയിലെ ഫയൽ നീക്കം എന്നിവ സംബന്ധിച്ചു മൊഴി നൽകാൻ ദിവ്യ കൂടുതൽ സമയം തേടി. പൊലീസിന് ഇതുവരെ ദിവ്യയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.