ADVERTISEMENT

പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ‌ സഹകരിക്കാൻ സന്നദ്ധത അറിയിച്ച പി.വി.അൻവർ എംഎൽഎയുടെ ഉപാധി ഗൗരവത്തിലെടുക്കേണ്ടെന്നു യുഡിഎഫ് തീരുമാനം. ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനോടാണു യുഡിഎഫ് മുഖം തിരിച്ചത്. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു. യുഡിഎഫ് നേതാക്കളുമായി ചർച്ച നടക്കുകയാണെന്ന് അൻവർ അവകാശപ്പെട്ടു.

അൻവറുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശയവിനിമയം നടത്തി. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പിൻവലിക്കണമെന്നാണു നേതാക്കൾ അൻവറിനോട് ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കും പിണറായി വിജയനും എതിരായ പോരാട്ടത്തിൽ പങ്കാളിയാകാന്‍ അൻവറിനോട് നേതാക്കൾ അഭ്യർഥിച്ചു. ന്യൂനപക്ഷ മേഖലയിൽ അൻവറിന് വോട്ടുബാങ്കുള്ളതിനാൽ യുഡിഎഫ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

‘‘പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കാം. പകരം ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണയ്ക്കണം. യുഡിഎഫ് നേതാക്കളുമായി ചർച്ച നടന്നു. അവരാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസുകാർക്ക് ചേലക്കരയിലെ സ്ഥാനാർഥി രമ്യ ഹരിദാസിനെ താൽപര്യമില്ല. അവരെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല’’– അൻവർ പറഞ്ഞു.

ഇടതു മുന്നണിയിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. ആഭ്യന്തര വകുപ്പിലെ അഴിമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ തുടങ്ങിയവ പരസ്യമായി ഉന്നയിച്ചതിനെ തുടർന്നാണ് അൻവറിന് ഇടതു മുന്നണിയിൽനിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. 

English Summary:

P.V. Anwar Proposes DMK-UDF Alliance for Kerala By-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com