‘എന്നെയും കുടുംബത്തെയും അജ്ഞാത സംഘം പിന്തുടരുന്നു’: സുപ്രീം കോടതിയിൽ സിദ്ദിഖ്
Mail This Article
ന്യൂഡൽഹി ∙ തന്നെയും കുടുംബത്തെയും നിയമവിരുദ്ധമായി പിന്തുടരാനും നിരീക്ഷിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അജ്ഞാത സംഘത്തെ നിയോഗിച്ചെന്നു നടൻ സിദ്ദിഖ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണു ആരോപണം. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർജാമ്യം തേടി സിദ്ദിഖ് നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു സത്യവാങ്മൂലം നൽകിയത്.
സ്വകാര്യ വാഹനങ്ങളിൽ തന്നെയും കുടുംബത്തെയും അജ്ഞാതരായ ചിലർ പിന്തുടരുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നു. സീനിയർ പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചപ്രകാരം പിന്തുടരുന്ന പൊലീസുകാരാണ് അതെന്നു വ്യക്തമായി. സ്വകാര്യവാഹനത്തിൽ പിന്തുടരാനും സ്വകാര്യതയിലേക്ക് കടന്നുകയറാനും നിർദേശിച്ച നിയമവിരുദ്ധ നടപടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകി. തുടർന്നു പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചെങ്കിലും എന്തെങ്കിലും നടപടിയെടുത്തതായി വിവരമില്ല. സുപ്രീം കോടതി നിർദേശിച്ച പ്രകാരം, അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോഴൊക്കെയും ഹാജരായെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
കേസിൽ നേരത്തേ സിദ്ദിഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതു വരെയാണു ജാമ്യം. സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും കഴിഞ്ഞദിവസം പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിലെ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു കുറ്റപ്പെടുത്തി സിദ്ദിഖിന്റെ ചോദ്യംചെയ്യൽ അന്വേഷണസംഘം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ സിദ്ദിഖ് ചോദ്യംചെയ്യൽ സമയത്ത് ഹാജരാക്കിയിരുന്നില്ല.