‘തെറ്റുപറ്റി, മാപ്പ്’: 5 കോടി ചോദിച്ച് സൽമാന് ആദ്യം ഭീഷണിസന്ദേശം; പിന്നീട് മാനസാന്തരം
Mail This Article
മുംബൈ ∙ ബോളിവുഡ് താരം സൽമാൻ ഖാനു ഭീഷണിസന്ദേശം അയച്ചതിൽ, ലോറൻസ് ബിഷ്ണോയി സംഘാംഗമെന്നു കരുതുന്നയാൾ മാപ്പു ചോദിച്ചു. താൻ തെറ്റ് ചെയ്തുവെന്നു സമ്മതിച്ച് ഇയാൾ മുംബൈ പൊലീസിനാണു വാട്സാപ്പിൽ സന്ദേശം അയച്ചത്. ലോറൻസ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഇതേ നമ്പരിൽനിന്നു ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
മുൻ മന്ത്രി ബാബ സിദ്ദിഖി ബാന്ദ്രയിൽ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടപ്പോഴാണ്, സുഹൃത്തായ സൽമാനു ഭീഷണിസന്ദേശം ലഭിച്ചത്. സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ലോറൻസ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാൻ സൽമാൻ 5 കോടി നൽകിയില്ലെങ്കിൽ, സൽമാനും അതേ ഗതിയായിരിക്കും എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. 18ന് മുംബൈ ട്രാഫിക് പൊലീസിനാണു വാട്സാപ് സന്ദേശം ലഭിച്ചത്.
‘‘ഇത് നിസ്സാരമായി കാണരുത്. സൽമാനു ജീവൻ വേണമെങ്കിൽ ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. ഇതിന് 5 കോടി നൽകണം. പണം നൽകിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ അവസ്ഥ ബാബ സിദ്ദിഖിയേക്കാൾ മോശമായിരിക്കും’’ എന്നായിരുന്നു സന്ദേശം. തിങ്കളാഴ്ച മുംബൈ ട്രാഫിക് പൊലീസിനാണ്, മുൻ ഭീഷണി സന്ദേശം അയച്ചതിൽ ഖേദം പ്രകടിപ്പിച്ച് അതേ നമ്പറിൽനിന്നു മാപ്പപേക്ഷ കിട്ടിയത്. സിദ്ദിഖിയുടെ മരണത്തെത്തുടർന്ന് സൽമാനും അദ്ദേഹത്തിന്റെ വസതിയിലും ഫാം ഹൗസിലും സുരക്ഷ വർധിപ്പിച്ചിരുന്നു.