41-ാം ദിവസം, ഉറ്റവന്റെ ശവകുടീരത്തിനടുത്ത് ശ്രുതി വീൽചെയറിലെത്തി; ജെൻസനായി പ്രത്യേക പ്രാർഥന
Mail This Article
കല്‍പറ്റ ∙ ഉറ്റവന്റെ ശവകുടീരത്തിനടുത്തേക്ക് 41 ദിവസത്തിനുശേഷം വീല്‍ചെയറിലിരുന്ന് ശ്രുതിയെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് അവസാന പ്രതീക്ഷയായിരുന്നു പ്രതിശ്രുത വരൻ ജെൻസൻ. ശ്രുതിയോടൊപ്പം യാത്ര ചെയ്യവേ വാഹനാപകടത്തിൽ ജെൻസനും മരിച്ചതോടെ ശ്രുതി വീണ്ടും ഒറ്റയ്ക്കായി. അപകടത്തിൽ പരുക്കേറ്റ ശ്രുതി ചികിത്സയിലായിരുന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നാണ് ജെൻസന്റെ മൃതദേഹം കാണിച്ചത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും ശ്രുതിക്കായിരുന്നില്ല.
41–ാം ദിവസത്തെ ചടങ്ങുകൾക്കായാണു ശ്രുതി ആണ്ടൂർ സിഎസ്ഐ പള്ളി സെമിത്തേരിയിൽ എത്തിയത്. ജെൻസനുവേണ്ടി നടത്തിയ പ്രത്യേക പ്രാർഥനകളിൽ ശ്രുതി പങ്കെടുത്തു. കഴിഞ്ഞമാസം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ ജെന്‍സൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ശ്രുതിയടക്കമുള്ളവര്‍ക്കു പരുക്കേറ്റിരുന്നു. കാലിന് പൊട്ടലേറ്റ ശ്രുതി ദീർഘനാൾ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് ബന്ധുവീട്ടിലേക്ക് മാറിയത്. നടക്കാൻ സാധിക്കാത്തതിനാൽ വീല്‍ച്ചെയറിലാണു സഞ്ചാരം.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒരു മാസം മുൻപായിരുന്നു അമ്പലവയൽ സ്വദേശിയായ ജെൻസനും ചൂരൽമല സ്വദേശിനി ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒരുമിച്ചായിരുന്നു. ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛൻ, അമ്മ, സഹോദരി, പുതിയ വീട് എല്ലാം നഷ്ടമായി. ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന ശ്രുതിക്കൊപ്പം എപ്പോഴും ജെൻസൻ ഉണ്ടായിരുന്നു.