വിമാനങ്ങൾക്ക് പിന്നാലെ സ്കൂളുകൾക്കും; രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കു നേരെ വ്യാജ ബോംബ് ഭീഷണി
Mail This Article
ന്യൂഡൽഹി∙ ഡൽഹി സ്കൂളിനു പുറത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കു നേരെയും വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ സ്കൂളിലുമാണ് തിങ്കളാഴ്ച രാത്രി ഇ–മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാവിലെ 11ന് സ്കൂളുകളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. പിന്നീട് ഇതു വ്യാജമാണെന്ന് തെളിഞ്ഞു. ഞായറാഴ്ച ഡൽഹിയിലെ രോഹിണി സിആർപിഎഫ് സ്കൂളിനു പുറത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് സന്ദേശങ്ങളെത്തിയത്. ഖലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് എൻഐഎയുടെ അനുമാനം. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതിനിടെ രാജ്യത്ത് വിമാനങ്ങളിലും വ്യാജ ബോബ് ഭീഷണി തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെ ആഭ്യന്തര,രാജ്യാന്തര സർവീസുകളുൾപ്പെടെ മുപ്പതോളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായതായി വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്.
സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണിയുണ്ടായതായി വിസ്താര എയർലൈൻസും എയർ ഇന്ത്യയും സ്ഥിരീകരിച്ചു. തങ്ങളുടെ എട്ടു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുമടക്കം 10 വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായതെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഭീഷണി നേരിട്ട രാജ്യാന്തര സർവീസുകളിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്കോ തുർക്കിയിലെ ഈസ്താംബൂളിൽനിന്ന് ഇന്ത്യയിലേക്കും ഉള്ള വിമാനങ്ങളാണ് അധികവും.
സമൂഹമാധ്യമങ്ങളിൽ ബോംബ് ഭീഷണി പോസ്റ്റ് ചെയ്യുന്നത് ഒരു സ്വകാര്യ ശൃംഖലയാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമം തുടരുന്നുണ്ടെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.