ADVERTISEMENT

മോസ്കോ∙ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. പ്രധാനമന്ത്രിക്ക് റഷ്യൻ അധികൃതരും ഇന്ത്യൻ സംഘവും ഊഷ്മളമായ സ്വാഗതം നൽകി. റഷ്യയിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രധാനമന്ത്രിക്കായി സ്വാഗതഗാനം ആലപിച്ചു. 16–ാം ബ്രിക്സ് ഉച്ചകോടിയാണ് റഷ്യയിൽ നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.

റഷ്യൻ പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.ആഗോള വികസന അജണ്ട, ‌കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ, പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്കുള്ള സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുള്ള ബ്രിക്‌സ് ഉച്ചകോടിയുമായുള്ള സഹകരണം ഇന്ത്യ വിലമതിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ പുട്ടിൻ പ്രധാനമന്ത്രി മോദിയെ ഒരു സുഹൃത്തായി അംഗീകരിക്കുകയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടുന്നതിൽ ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 

ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ സന്ദർശന വേളയിൽ, പുട്ടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുക മാത്രമല്ല, റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ സ്വീകരിക്കുകയും ചെയ്തിരുന്നു.

English Summary:

PM Modi at BRICS Summit: Strengthening Ties and Tackling Global Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com