ADVERTISEMENT

തിരുവനന്തപുരം∙ ഒക്ടോബർ 27ന്  ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ.മോഹനൻ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകിക്കൊണ്ട് ഗവർണർ ഉത്തരവിട്ടത്. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ ഡോ.മോഹനന് ആരോഗ്യ സർവകലാശാല വിസിയായി തുടരാൻ സാധിക്കും. ഇതോടെ സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി ഡോ. മോഹനൻ കുന്നുമ്മൽ മാറി. 

കണ്ണൂർ  സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനാണ് വിസി പദവിയിൽ സംസ്ഥാനത്ത് ആദ്യമായി പുനർനിയമനം ലഭിച്ചത്. വിസിക്ക് പുനർനിയമനം നൽകാവുന്നതാണെന്നും, സെർച്ച് കമ്മിറ്റിയോ, പ്രായമോ ബാധകമല്ലെന്നുമുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ഗവർണർക്ക് നൽകിയതിന്റെ  അടിസ്ഥാനത്തിലാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വിസിയായി പുനർനിയമനം നൽകാൻ ഗവർണർ തയ്യാറായത്. പുനർനിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചുവെങ്കിലും, നിയമന കാര്യത്തിൽ സർക്കാർ ഗവർണറെ സ്വാധീനിച്ചുവെന്നതിൻറെ പേരില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു.

ആരോഗ്യസർവ്വകലാശാല വൈസ് ചാൻസലറായി ആയി പുനർനിയമനം നൽകിയ ‍ഡോ.മോഹനൻ, കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ തുടരണമെന്നും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്. 2022 ഒക്ടോബർ 24നാണ് അദ്ദേഹം കേരള സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തത്. അതിനിടെ ആരോഗ്യസർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്തുന്നതിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ പുറപ്പെടുവിച്ച വിജ്ഞാപനവും ഗവർണർ പിൻവലിച്ചിട്ടുണ്ട്. സേർച്ച്‌ കമ്മിറ്റിയുടെ രൂപീകരണ ഉത്തരവ് സർക്കാർ നൽകിയ ഹർജിയിലൂടെ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

English Summary:

Dr. Mohanan Kunnummal has been reappointed as the Vice Chancellor of Kerala University of Health Sciences, marking the second such instance in the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com