‘പി.പി.ദിവ്യ ഗുഹയിൽ ഒളിച്ചിട്ടില്ല, സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ്, കേരളം ഭരിക്കുന്നത് നാണംകെട്ട മുഖ്യമന്ത്രി’: കെ.സുധാകരൻ
Mail This Article
കൽപറ്റ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രിയുടെ നാവ് പൊന്തിയില്ല. നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പി.പി.ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല. നാടുവിട്ടുപോയിട്ടുമില്ല. പൊലീസിന്റെ സംരക്ഷണത്തിലാണ് ദിവ്യ കഴിയുന്നത്. മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയുടേയോ നിർദേശമില്ലാതെ പൊലീസ് സംരക്ഷണം നൽകില്ല. അന്നത്തെ യോഗത്തിൽ ദിവ്യക്കെന്തായിരുന്നു കാര്യം. കമ്മിഷൻ തട്ടാനുള്ള നീക്കം നടക്കാതിരുന്നതിലുള്ള മനഃപ്രയാസവും വൈരാഗ്യവുമാണ് ആരോപണം ഉന്നയിക്കാനും കേസ് കെട്ടിച്ചമയ്ക്കാനും കാരണം. പാർട്ടിയിലേക്ക് ഫണ്ട് കൊടുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിന് പിന്നിലുണ്ട്. ഈ സർക്കാർ നീതിപൂർവമായി അന്വേഷണം നടത്തില്ല.’’, കെസുധാകരൻ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പിൽ സഹായം തേടുന്നത് ഭൂരിപക്ഷം വർധിപ്പിക്കാനാണ്, അല്ലാതെ പരാജയഭീതി കൊണ്ടല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പി.വി.അൻവറിനും സ്ഥാനാർഥിക്കും ലഭിക്കാവുന്ന കുറച്ച് വോട്ടുകളുണ്ട്. ആ വോട്ടുകൾകൊണ്ട് കമ്യൂണിസ്റ്റ് ഫാഷിസ്റ്റ് പാർട്ടികളെ അധികാരത്തിൽ കൊണ്ടുവരാൻ വഴിയൊരുക്കേണ്ടതില്ലല്ലോ എന്ന് കരുതിയാണ്. ഇന്ത്യയിലെ കോൺഗ്രസിന്റെ തിരിച്ചുവരവായിരിക്കും വയനാട്ടിലെ ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പിലൂടെ സംഭവിക്കാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.