ADVERTISEMENT

സോൾ ∙ മാലിന്യം നിറച്ച ഉത്തര കൊറിയൻ ബലൂണുകൾ വീണ്ടും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്തു ‘വീണു’. വ്യാഴാഴ്ച സോളിലെ പ്രസിഡൻഷ്യൽ കോംപൗണ്ടിലാണു ‘മാലിന്യ ബലൂൺ’ വീണത്. ശീതയുദ്ധകാലത്തെ മനഃശാസ്ത്ര യുദ്ധതന്ത്രത്തിനു സമാനമായി, മാലിന്യം നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയയിലെ കിം ജോങ് ഉൻ ഭരണകൂടം പറത്തുന്നുണ്ട്. അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്.

ബലൂണിൽനിന്നു വീണ മാലിന്യത്തിൽ അപകടകരമായ ഒന്നും ഇല്ലായിരുന്നെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാസേന അറിയിച്ചു. പ്രസിഡന്റ് യൂൺ സുക് യോൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. പ്രസിഡന്റ് യൂണിനെയും ഭാര്യയെയും വിമർശിക്കുന്ന ലഘുലേഖകൾ മാലിന്യത്തിനൊപ്പം ബലൂണുകളിൽ ഉണ്ടായിരുന്നെന്നു ദക്ഷിണ കൊറിയൻ പത്രമായ ഡോങ്-എ ഇൽബോ റിപ്പോർട്ട് ചെയ്തു. ലക്ഷ്യസ്ഥലങ്ങളിൽ കൂടുതൽ കൃത്യതയോടെ ബലൂണുകൾ ഇടാൻ ഉത്തര കൊറിയ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയതായും സൂചനയുണ്ട്.

എന്നാൽ, നിശ്ചിത ലക്ഷ്യങ്ങളിൽ ബലൂണുകൾ ഇടാൻ ഉത്തര കൊറിയയ്ക്കു സാങ്കേതികവിദ്യ ഇല്ലെന്നാണു വിദഗ്ധർ പറയുന്നത്. ഈ മാസം 3 തവണ പ്യോങ്‌യാങ്ങിൽ പ്രചാരണ ലഘുലേഖകൾ ഡ്രോണുകൾ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന‌ു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകൾ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പൗരന്മാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടായാൽ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമാകുമെന്നു ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി.

English Summary:

Kim Jong Un's Latest Tactic: Bombarding South Korea with Trash-Filled Balloons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com