25 ദശലക്ഷം പേർ വോട്ട് ചെയ്തു; സർവേയിൽ ട്രംപിനേക്കാൾ മുന്നേറി കമല, കടുത്ത പ്രചാരണം
Mail This Article
വാഷിങ്ടൻ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറവേ, യുഎസിൽ വോട്ട് രേഖപ്പെടുത്തി 25 ദശലക്ഷത്തോളം വോട്ടർമാർ. നേരിട്ടും മെയിൽ ബാലറ്റിലുമാണു ജനം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പെൻസിൽവാനിയയിലെ ടെലിവിഷൻ സംവാദത്തിൽ വോട്ടർമാരുടെ പിന്തുണ തേടിയപ്പോൾ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ് ജോർജിയയിലാണു പ്രചാരണം നടത്തിയത്.
‘‘എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് റെക്കോർഡ് നിലയിലാണ്. ഞങ്ങൾ ശരിക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. നമുക്കു നമ്മുടെ രാജ്യത്തെ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ’’– ട്രംപ് പറഞ്ഞു. നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിനു രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, തീവ്രമായ മത്സരം നടക്കുന്ന 7 സംസ്ഥാനങ്ങളിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നു തീരുമാനിക്കുന്ന 7 സംസ്ഥാനങ്ങളിൽ പെൻസിൽവാനിയയും ജോർജിയയും ഉൾപ്പെടും. 2 സ്ഥാനാർഥികളും ഈ സംസ്ഥാനങ്ങൾ സന്ദർശിക്കാനാണു ശ്രമിക്കുന്നത്.
ഇത്തവണത്തേതു തന്റെ അവസാന രാഷ്ട്രീയ പോരാട്ടം ആയിരിക്കുമെന്നു ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾ 9 വർഷമായി പ്രചാരണത്തിലാണ്. ഇനി 12 ദിവസം കൂടി മാത്രം. ഇത് അവസാനിക്കുന്നതു ദുഃഖകരമാണ്’’– സെബുലോണിൽ ട്രംപ് പറഞ്ഞു. യുഎസ് ജനാധിപത്യത്തിന് ട്രംപ് ഭീഷണിയാണെന്നു കമല ആവർത്തിച്ചു. ‘‘അങ്ങേയറ്റം ആശങ്കാജനകവും അവിശ്വസനീയമാംവിധം അപകടകരവുമാണ് ട്രംപിന്റെ നീക്കങ്ങൾ’’ എന്നു കമല അഭിപ്രായപ്പെട്ടു. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേയിൽ കമലയ്ക്കാണു നേരിയ ഭൂരിപക്ഷം. ദേശീയതലത്തിൽ കമല 46 ശതമാനം പിന്തുണ നേടിയപ്പോൾ 43 ശതമാനം ആളുകളാണു ട്രംപിനോടു താൽപര്യം പ്രകടിപ്പിച്ചത്.