ADVERTISEMENT

ഭുവനേശ്വർ ∙ ദാന ചുഴലിക്കാറ്റ് ഭീഷണി മൂലം ഭുവനേശ്വർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മേഖലയിൽ കടൽ പ്രക്ഷുബ്ധമായി. ഒക്ടോബർ 25 ന് പുലർച്ചെ ഒഡീഷ- ബംഗാൾ തീരത്ത് ദാന ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 3.5 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

ദാന ചുഴലിക്കാറ്റിനെ നേരിടാൻ 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കാൻ ഉദ്ദേശിച്ചതെന്നും ഇതിൽ 30 ശതമാനത്തിലധികം പേരെയും ബുധനാഴ്ച വൈകിട്ടോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്നേക്കും. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.

‘‘3 ജില്ലകളെ കൊടുങ്കാറ്റ് രൂക്ഷമായി ബാധിക്കും. അപകട മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതുവരെ, ലക്ഷ്യമിട്ടിരുന്ന 10 ലക്ഷം പേരിൽ 30 ശതമാനം പേരെയും ഒഴിപ്പിച്ചു. ബാക്കിയുള്ളവരെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു. ക്യാംപുകളിലേക്കു മാറ്റിയവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. അഭയകേന്ദ്രങ്ങളിൽ മറ്റെല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ മന്ത്രിമാരെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഭദ്രക്, ബാലസോർ, ജഗത്സിംഗ്പുർ, കട്ടക്ക്, പുരി തുടങ്ങിയ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. ചുഴലിക്കാറ്റിന്റെ ഗതി മാറിയാൽ മറ്റു ജില്ലകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ആ സാഹചര്യം നേരിടാനും സർക്കാർ സജ്ജമാണെന്നും മാജി വ്യക്തമാക്കി.

English Summary:

Cyclone Dana updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com