‘തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ സതീശൻ അൻവറിനെ കാണാൻ പോകുമായിരുന്നോ?’
Mail This Article
കൽപറ്റ∙ സിനിമാ ഷൂട്ടിങ്ങിന് പോകുന്നവരെ വിളിച്ചു സമ്മേളനം നടത്തുന്ന പി.വി.അൻവറിന്റെ മുന്നിൽ പോയി നിൽക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയ രാഘവന്‍. തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ സതീശൻ അൻവറിനെ കാണാൻ പോകുമായിരുന്നോ എന്നും രാഘവൻ ചോദിച്ചു. വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചശേഷം നടത്തിയ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽനിന്നു നേരിട്ടു വന്നു മത്സരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയും രാഹുൽ ഗാന്ധിയും തോറ്റുവെന്നതു ചരിത്രമാണ്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുകയല്ല കോൺഗ്രസ് ചെയ്യുന്നത്. തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിനു കുറഞ്ഞു. 16,000 വോട്ട് എൽഡിഎഫിനു കൂടി. സ്വന്തം വോട്ടു നഷ്ടപ്പെടുത്തി എങ്ങനെയാണ് കോൺഗ്രസ് ബിജെപിയെ പ്രതിരോധിക്കുന്നത്. ജമ്മു കശ്മീരിൽ ഒന്നൊഴികെ എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റു. കോൺഗ്രസ് ഒറ്റയ്ക്കുനിന്നാൽ ബിജെപിയെ നേരിടാനാകില്ല. ഇന്ത്യയിലെ മതേതര കക്ഷികൾ ഒന്നിച്ചു നിന്നാൽ മാത്രമേ ബിജെപിയെ താഴെയിറക്കാൻ സാധിക്കു.
കോൺഗ്രസ് ഒറ്റക്കെട്ടല്ല. പാലക്കാടും ചേലക്കരയിലും കോൺഗ്രസിനു വിമതരുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ച യുവാവ് മഹാത്മാ ഗാന്ധിയുടെ കോൺഗ്രസ് ആണെന്നു കരുതിയാണ് അവിടെ ചെന്നത്. എന്നാൽ വിചാരിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കു പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടിയല്ല കോൺഗ്രസ്. ആരും കൊടിപിടിക്കേണ്ട ബലൂൺ മതി എന്നാണ് യുഡിഎഫിന്റെ വയനാട്ടിലെ നിലപാട്. തിരഞ്ഞെടുപ്പുകൾക്കു വേണ്ടിയുള്ള പ്രീണന നയമല്ല എൽഡിഎഫിന്റേത്. എൽഡിഎഫിനു വ്യക്തമായ നിലപാടുകൾ എല്ലാ കാര്യത്തിലുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വലിയ മുന്നേറ്റം ഉണ്ടാകും.
ചായ കുടിച്ചതും കെട്ടിപ്പിടിച്ചതും പപ്പട വട തിന്നതുമൊക്കെയാണു മാധ്യമങ്ങളുടെ ചർച്ച. രാഷ്ട്രീയമല്ല അവരുടെ ചർച്ചാ വിഷയം. എന്നും കാണാൻ സാധിക്കുന്ന എംപിയെ കിട്ടണമെങ്കിൽ സത്യൻ മൊകേരിക്കു വോട്ടുചെയ്യണമെന്നും വിജയ രാഘവന്‍ പറഞ്ഞു.
ഇന്ദിരയ്ക്കും രാഹുലിനും തോൽക്കാമെങ്കിൽ പ്രിയങ്കയ്ക്കും തോൽക്കാമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി വന്നു വലിയ മേളമുണ്ടാക്കി നാമനിർദേശപത്രിക നൽകി ടാറ്റാ പറഞ്ഞു പോയി. ഇനി എന്ന് കാണുമെന്ന് ആർക്കറിയാം. രാഹുൽ വന്നു മത്സരിച്ചു ജയിച്ചു പോയി. പിന്നെ ഈ വഴി വന്നില്ല. നെഹ്റു കുടുംബത്തിലെ ആളുകൾക്കു വന്നു മത്സരിച്ചു പോകാൻ ഇതു കുട്ടിക്കളിയല്ല. കഴിഞ്ഞ 10 വർഷം വയനാട്ടുകാർക്കു സങ്കടം പറയാൻ ഒരു എംപി ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ബിജെപി. ഗാന്ധിയെയും നെഹ്റുവിനെയും മറന്ന് ആർഎസ്എസുകാരുമായി കൈകോർക്കുന്ന കോൺഗ്രസിനെ കെട്ടുകെട്ടിക്കും. 2014ൽ വയനാട്ടിലെ കോട്ട ഇളക്കിയ ആളാണ് സത്യൻ മൊകേരി. വയനാടിനു വേണ്ടി ശബ്ദിക്കാൻ സത്യൻ മൊകേരി എംപിയാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രി എ.െക.ശശീന്ദ്രൻ, ആനി രാജ, കെ.കെ.ശൈലജ, പി.ജയരാജൻ, കെ.ഇ.ഇസ്മയിൽ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.