കമല ഹാരിസിനെ കൊച്ചു കുട്ടിയെപ്പോലെയെ ചൈന വകവയ്ക്കൂ: ഡോണൾഡ് ട്രംപ്
Mail This Article
വാഷിങ്ടൻ∙ വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസ് വെറും കുട്ടിയാണെന്ന തരത്തിലേക്കു പ്രചാരണം നടത്തുകയാണ് ട്രംപും അനുയായികളും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കമലയെ വെറുമൊരു കുട്ടിയെപ്പോലെ കണക്കാക്കുമെന്നായിരുന്നു റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.
അതിനിടെ, ഡോണൾഡ് ട്രംപിനുവേണ്ടി വീണ്ടും സംഭാവന നടത്തി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒക്ടോബറിന്റെ ആദ്യ പകുതിയിൽ 44 ദശലക്ഷം യുഎസ് ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി മസ്ക് മുടക്കിയത്. ട്രംപിന്റെ പ്രചാരണം നടത്തുന്ന അമേരിക്ക പിഎസി സംഘടന ഫയൽ ചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഏകദേശം 75 ദശലക്ഷത്തിലധികം യുഎസ് ഡോളർ മസ്ക് ട്രംപിനുവേണ്ടി മുടക്കിയിട്ടുണ്ട്.