‘മുഖ്യമന്ത്രി അനങ്ങാതിരുന്നത് പൊയ്ക്കോട്ടെന്നു വിചാരിച്ചാണോ? ബിജെപി സഖ്യകക്ഷിയും മന്ത്രിസഭയില്‍’; ആയുധമാക്കി പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷം. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷി കോഴ കൊടുത്ത് ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും ഒരു മാസമായി മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം നടത്താതെ മറച്ചുവച്ചു എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടിയുടെ എംഎല്‍എയെ ഇടതുസര്‍ക്കാരില്‍ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നതും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. സംഘപരിവാറിനെ പ്രീതിപ്പെടുത്തി കേന്ദ്രഏജന്‍സികളുടെ കേസില്‍നിന്നു രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
സ്വന്തം പാളയത്തിലുള്ള ഒരു എംഎല്‍എ മറ്റു രണ്ട് എംഎല്‍എമാരെ 50 കോടി രൂപ വീതം കൊടുത്തു സംഘപരിപവാര്‍ മുന്നണിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങാതിരുന്നത് പൊയ്‌ക്കോട്ടെ എന്നു വിചാരിച്ചിട്ടാണോ എന്ന് സതീശന്‍ ചോദിച്ചു. കോഴവാഗ്ദാനത്തില്‍ ഒരു അന്വേഷണം പോലും ഇതുവരെ പ്രഖ്യാപിച്ചില്ല. സ്വന്തക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്യൂ. അവരെ ഭയന്നാണ് പിണറായി വിജയന്‍ ഭരിക്കുന്നത്. കേന്ദ്രഏജന്‍സികളുടെ കേസാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്. അതിനാണ് എഡിജിപി അജിത് കുമാറിനെ ദൂതനാക്കി ആര്‍എസ്എസ് നേതാക്കളുടെ അടുത്തുവിട്ടതും പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതും. സംഘപരിവാര്‍ മുന്നണിയിലെ ഒരു കക്ഷി ഇപ്പോഴും മന്ത്രിസഭയിലുണ്ട്. മന്ത്രി കൃഷ്ണന്‍കുട്ടിയെ രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സതീശന്‍ പറയുന്നു.
ദേശീയതലത്തില്‍ ബിജെപി സഖ്യത്തിലുള്ള ജനതാദള്‍ എസിന്റെ (ജെഡിഎസ്) കേരളഘടകം ഇപ്പോഴും എല്‍ഡിഎഫിലും പിണറായി മന്ത്രിസഭയിലുമാണ്. ജെഡിഎസ്, ദേശീയതലത്തില്‍ ബിജെപി നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായിട്ട് ഒരുവര്‍ഷമായി. പാര്‍ട്ടിയുടെ കെ.കൃഷ്ണന്‍കുട്ടി ഇപ്പോഴും പിണറായി മന്ത്രിസഭയിലുണ്ട്. ആ പാര്‍ട്ടിയെയോ, അവരുടെ നിലപാടിനെയോ സിപിഎം ഇതുവരെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. ദേശീയ നേതൃത്വത്തിനൊപ്പമല്ല എന്നു പ്രഖ്യാപിച്ചതല്ലാതെ, മറ്റൊരു പാര്‍ട്ടി സംവിധാനത്തിലേക്കു ജെഡിഎസ് കേരള ഘടകം ഇതുവരെ മാറിയിട്ടുമില്ല.
അതിനിടെ തോമസ് കെ.തോമസിനെതിരെ നടപടി വേണമെന്ന ആവശ്യം ഇടതുമുന്നണിയിലും സിപിഎമ്മിലും ശക്തമാകുകയാണ്. തോമസ് കെ.തോമസുമായി ഇനി സഹകരിച്ചു പോകേണ്ടതില്ല എന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം. തോമസ് കെ.തോമസ് നല്‍കിയ വിശദീകരണം മുഖ്യമന്ത്രിക്ക് തൃപ്തികരായിരുന്നില്ല എന്ന സൂചനയുമുണ്ട്. എ.കെ.ശശീന്ദ്രനു പകരം മന്ത്രിയാകാന്‍ തോമസ് കെ.തോമസ് ശ്രമം ഊര്‍ജിതമാക്കുകയും അദ്ദേഹത്തെ മന്ത്രിയാക്കാമെന്ന് എന്‍സിപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് കൂറുമാറ്റത്തിനു കോഴവിവാദം ഉയര്‍ന്നിരിക്കുന്നത്.
കൂറുമാറ്റാന്‍ തോമസ് കെ.തോമസ് എംഎല്‍എ 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു എംഎല്‍എ സ്ഥിരീകരിച്ചതോടെ എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടില്ലെന്ന ചോദ്യമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. പൊതുസേവകനു കോഴ നല്‍കുന്നതും വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമാണ്. തോമസ് കെ.തോമസിനെതിരായ ആക്ഷേപം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതായാണു വിവരം. എന്നാല്‍ അക്കാര്യം വിജിലന്‍സ് അന്വേഷണത്തിനു വിട്ടില്ല. അഴിമതിനിരോധന നിയമപ്രകാരം ഇക്കാര്യത്തില്‍ വിജിലന്‍സിനു കേസെടുക്കാം.
എംഎല്‍എ ആയതിനാല്‍ തോമസിനെതിരെ വിജിലന്‍സ് അന്വേഷിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം. കോഴ സംബന്ധിച്ച ആക്ഷേപമുള്‍പ്പെടെ അന്വേഷിക്കാന്‍ കൂടിയാണു മുഖ്യമന്ത്രി സമയമെടുത്തതെന്നുമാണ് ഇന്നലെ തോമസ് കെ.തോമസ് പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ ഒരു മാസം മുന്‍പു തന്നെ കോഴയാരോപണം മുഖ്യമന്ത്രി അറിഞ്ഞുവെന്ന് വേണം കരുതാന്‍. വിജിലന്‍സ് കേസെടുത്താല്‍ അന്വേഷണത്തിലേക്കു കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടി എത്തുന്ന സാഹചര്യം വരും.
മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിലുള്ള ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാര്‍ട്ടിയിലേക്കു കൂറുമാറ്റാനാണ് കോഴവാഗ്ദാനം എന്നാണ് ആരോപണം. 2 സംസ്ഥാനങ്ങളിലായി നടന്ന കുറ്റകൃത്യമെന്ന നിലയ്ക്ക് ഇ.ഡിക്ക് ഇടപെടാനാകും. അന്വേഷണമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അത്തരമൊരു അന്വേഷണത്തിനു മുഖ്യമന്ത്രി മുതിരുമോ എന്നു വ്യക്തമല്ല. അതേസമയം, മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഉപതിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ സംഘപരിവാര്‍ ബന്ധം ഉയര്‍ത്തിക്കാട്ടി പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.