ADVERTISEMENT

കോഴിക്കോട്∙  സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ ‘കേരളം: മുസ‌്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അബ്ദുൽ നാസർ മദനിക്കെതിരെ ജയരാജൻ പുസ്തകത്തിൽ നടത്തിയ പരാമർശത്തോട് യോജിപ്പില്ലെന്നും പുസ്തക പ്രകാശനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

തൃശൂർ പൂരം കലങ്ങിയോ എന്ന ചോദ്യവും മുഖ്യമന്ത്രി ചടങ്ങിൽ ഉന്നയിച്ചു. തൃശൂർ പൂരത്തിൽ ആചാരപരമായ എന്തെങ്കിലും കാര്യം നടക്കാതെ പോയോ ?. ആകെ സംഭവിച്ചത് വെടിക്കെട്ട് ഇത്തിരി വൈകിയതാണ്. അതാണോ പൂരം കലങ്ങൽ? ആർഎസ്എസിനെക്കാൾ ഇത്തരം പ്രചാരങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് മുസ്‌ലിം ലീഗ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.  

‘‘മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിനെയും ഒരു കണ്ണടകൊണ്ട് കാണരുത്. സാമൂഹിക പരിഷ്കരണം ആയിരുന്നു ലീഗിന്റെ ആദ്യ കാഴ്ചപ്പാട്. എന്നാൽ ജമാഅത്തെ ഇസ്‌ലാമി പഴയകാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യം ഇല്ല. ജമാഅത്തെ ഇസ്‌ലാമി ശത്രുക്കളെ ഇല്ലാതാക്കാൻ മടിക്കാത്തവരാണ്. അതിനായി സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിക്കുന്നു.

ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂടാ. ലീഗ് ബിജെപിയും കോൺഗ്രസുമായും ചേർന്ന് കമ്യൂണിസ്റ്റിനെ എതിർക്കുന്നു. ഇസ്‌ലാമിലെ ആർഎസ്എസ് ആണ് ജമാഅത്തെ ഇസ്‌ലാമി. എസ്ഡിപിഐയുമായും വർഗീയ സംഘടനകളുമായും കൂട്ടുചേർന്ന് ലീഗ് വലിയ ആപത്ത് ഉണ്ടാക്കുന്നു. ഇത് ലീഗിലെ അണികളെ മതതീവ്രവാദ ശക്തികളിലേക്ക് കൊണ്ടുപോകുന്നു. ലീഗിന്റെ അവസരവാദം തുറന്നു കാട്ടണം. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്നു പറയുന്ന കെ. സുധാകരനാണ് മുന്നണി നേതാവ്. അവിടെ നിന്നാണ് ലീഗ് ആർഎസ്എസിനെ എതിർക്കുന്നത്.

മലപ്പുറത്തിന്റെ കാര്യത്തിൽ ലീഗ് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. മുസ്‌ലിം ലീഗാണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസ് എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. കുറ്റകൃത്യങ്ങൾ കുറവുള്ള ജില്ലയാണ് മലപ്പുറം. ലീഗ് അസത്യം പ്രചരിപ്പിക്കുന്നു. എൽഡിഎഫ് സർക്കാർ അപമാനിക്കുന്നു എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും. മലപ്പുറം ജില്ലയിൽ അസാധാരണമായി ഒന്നും ഇല്ല.

മറ്റു ജില്ലകളെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ഥിതിയാണ്. പൊലീസ് റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംഖ്യാനുപാതികമായി കേസുകൾ കുറവുള്ള ജില്ലയാണ് മലപ്പുറം. കുറ്റം ചെയ്തവർക്ക് എതിരെയാണ് കേസ്. പ്രത്യേക വ്യാഖ്യാനം നൽകി കുറ്റവാളികളെ സംരക്ഷിക്കാം എന്നു കരുതേണ്ട. കുറ്റം ചെയ്യാത്തവരെ മറയാക്കി കുറ്റവാളികളെ സംരക്ഷിക്കാം എന്നും ആരും കരുതേണ്ട’’–മുഖ്യമന്ത്രി പറഞ്ഞു. 

മഅദനിയെക്കുറിച്ച് പുസ്തകത്തിന്റെ രചയിതാവിന്റെ അഭിപ്രായം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ സാഹചര്യം മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരേ അഭിപ്രായം ഉള്ളവരെ പുസ്തക പ്രകാശനം ചെയ്യാവൂ എന്നുണ്ട്. എന്നാൽ സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ട്. താനും ജയരാജനും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. സമാന ചിന്തകളും ഉണ്ടാവും. പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅദനി പങ്കുവഹിച്ചിരുന്നുവെന്നാണ് ജയരാജൻ പുസ്തകത്തിൽ പറയുന്നത്. ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിന് ശേഷം മഅദനിയുടെ നിലപാടിൽ മാറ്റം വന്നെന്നും പറയുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മഅദനിയുടെ പിന്തുണ തേടുകയും പിണറായി വിജയൻ മഅദനിക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.  

English Summary:

Don’t agree with the author’s opinion’; CM releases P. Jayarajan’s book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com