‘കത്തിൽ നടപടിയെടുക്കും; തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാൻ’
Mail This Article
തിരുവനന്തപുരം ∙ പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം എഴുപതുകളില്‍ തുടങ്ങിയതാണ്. അതിലെ ഒരേട് മാത്രമാണ് 1991ല്‍ ബിജെപി സഹായം അഭ്യർഥിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന കത്ത്. 1970ല്‍ കൂത്തുപറമ്പില്‍ ബിജെപി വോട്ട് വാങ്ങി എംഎല്‍എയായ വ്യക്തിയാണ് പിണറായി വിജയന്‍. 1977ലും അദ്ദേഹം ബിജെപിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചുവച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പിണറായി പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിനു സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യസേവനവും നടത്താന്‍ ബിജെപിയുടെ സഹായം വേണ്ട.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അതില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. പൊലീസ് തലപ്പത്തുള്ളവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഗതിയെന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടെ വ്യക്തമായി. പൂരം കലക്കി എന്നതില്‍ സിപിഐക്ക് എതിരഭിപ്രായം ഉണ്ടാകില്ല. വെടിക്കെട്ട് മാത്രമല്ല ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് അലങ്കോലപ്പെടുത്തിയതും ജനങ്ങള്‍ക്കുനേരെ ലാത്തിവീശിയതും എല്ലാം പൂരം കലക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രിതവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്. പൂരം കലക്കിയതില്‍ വസ്തുത പുറത്ത് വരണമെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു.