ADVERTISEMENT

പാലക്കാട് ∙ 2020 ഡിസംബർ 25 നു വൈകിട്ട് ആറരയോടെയായിരുന്നു കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. അയൽസംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലകളെപ്പറ്റി വായിച്ചും കേട്ടുമൊക്കെ അറിഞ്ഞ മലയാളികൾ, ആ നീചചിന്തയുടെ വിഷം തീണ്ടിയവർ നമ്മുടെ സംസ്ഥാനത്തുമുണ്ടെന്ന് അറിഞ്ഞു നടുങ്ങിയ സംഭവം. ഇതരജാതിയിൽനിന്ന് മകൾ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ അച്ഛനും അമ്മാവനും ചേർന്ന് മകളുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) ആണു വിവാഹം കഴിഞ്ഞതിന്റെ 88-ാം ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതിയും ഹരിതയുടെ അമ്മാവനുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49),  രണ്ടാംപ്രതിയും ഹരിതയുടെ അച്ഛനുമായ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) എന്നിവരുടെ ശിക്ഷയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) നാളെ വിധിക്കുക.

പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. രണ്ടു സമുദായത്തിൽ‌ പെട്ടവരായതിനാൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു. ഹരിതയ്ക്ക് കോയമ്പത്തൂരിൽനിന്ന് ഒരു വിവാഹാലോചന വന്നതിന്റെ അടുത്ത ദിവസം വീട്ടുകാരറിയാതെ ഹരിതയും അനീഷും വിവാഹിതരായി. വിവരമറിഞ്ഞ അച്ഛൻ പ്രഭുകുമാർ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കണമെന്നാണ് തീരുമാനമെന്ന് ഹരിത അറിയിച്ചു. സ്റ്റേഷനിൽനിന്നു മടങ്ങുമ്പോൾ, 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നു. 

അതിനു ശേഷം  പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് 88 ാം നാൾ, 2020 ഡിസംബർ 25 ന് വൈകിട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന്‌ സമീപം ബൈക്കിലെത്തിയ സുരേഷും പ്രഭുകുമാറും അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കൊലപാതകം നടന്ന് 75–ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഹരിത ഉള്‍പ്പെടെ 51 സാക്ഷികളെ വിസ്തരിച്ചു. 

തന്റെ ഭർ‌ത്താവിനെ കൊന്ന അച്ഛന്റെ വീട്ടിലക്കു മടങ്ങില്ലെന്നു തീരുമാനിച്ച ഹരിത, സ്വാധീനശ്രമങ്ങളും ഭീഷണികളും മറികടന്ന് നിയമപോരാട്ടം തുടർന്നു. അതിന്റെ പര്യവസാനമാണ് പ്രതികൾ കുറ്റക്കാരാണെന്നു കോടതിയുടെ കണ്ടെത്തൽ. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഹരിതയ്ക്കു 10 ലക്ഷം രൂപ ലഭിച്ചു. ആ പണം കൊണ്ട് തേങ്കുറുശി ഇലമന്ദത്ത് മൂന്നുസെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ ഒരു വീടു വയ്ക്കണമെന്നാണ് ഹരിതയുടെ സ്വപ്നം, ബിബിഎ പൂർത്തിയാക്കിയ ഹരിത ഇപ്പോൾ പിഎസ്‌സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായിത്തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.

English Summary:

Thenkurissi honour killing verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com