വടകര സിപിഎമ്മിൽ ഏരിയ കമ്മിറ്റിയിലേക്ക് മത്സരം; 4 നേതാക്കൾക്കു തോൽവി
Mail This Article
കോഴിക്കോട് ∙ വടകര സിപിഎം ഏരിയ കമ്മിറ്റിയിൽ മത്സരം. 4 നേതാക്കൾ മത്സരിച്ചുതോറ്റു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ലോക്കൽ സെക്രട്ടറിമാരായ പി.പി.ദാമോദരൻ, വത്സൻ കുനിയിൽ, സിഐടിയു നേതാവ് വേണു കക്കട്ടിൽ എന്നിവരാണു മത്സരിച്ചത്. മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നേതൃത്വം ഇതു വിലക്കിയിരുന്നു. എന്നാൽ 4 പേർ നിലപാടിൽ ഉറച്ചുനിന്നു.
167 അംഗങ്ങളുള്ള കമ്മിറ്റിയിൽ, തോറ്റ ഒരാൾക്ക് 77 വോട്ട് വരെ കിട്ടി. ഏരിയ കമ്മിറ്റിയിൽ ആദ്യമായാണ് ഇത്രയും പേർ പരസ്യമായി മത്സരിക്കുന്നത്. മുൻ സെക്രട്ടറി ടി.പി.ഗോപാലനെ വീണ്ടും തിരഞ്ഞെടുത്തു. നിരവധി പ്രമുഖർ ഈ സ്ഥാനത്തേക്കു വരണം എന്ന ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചു ഗോപാലനെ തന്നെ നിയമിക്കുകയായിരുന്നു. എന്നാൽ, ഏരിയ കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നില്ലെന്നും പ്രചാരണം തെറ്റാണെന്നും ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ പറഞ്ഞു.