കശ്മീർ: ആംബുലൻസിന് നേരെ ഭീകരരുടെ ആക്രമണം; ഒരു പാക്ക് ഭീകരനെ സൈന്യം വധിച്ചു, 2 പേർ കാട്ടിലേക്ക് കടന്നു
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസിനു നേരെ ആക്രമണം നടത്തിയ 3 ഭീകരരിൽ ഒരാളെ സൈന്യം വധിച്ചു. 2 പേർ വനത്തിലേക്കു കടന്നുകളഞ്ഞു. ആയുധങ്ങളും കണ്ടെടുത്തു. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ് സൈന്യത്തിന്റെ നായ ‘ഫാന്റം’ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ആറരയ്ക്കാണ് കരസേനയുടെ ആംബുലൻസിനു നേരെ ഭീകരർ 20 തവണ വെടിയുതിർത്തത്.
അഖ്നൂരിൽ നിയന്ത്രണരേഖയ്ക്കു സമീപം ജോഗ്‌വാനിലെ ആസൻ ക്ഷേത്രത്തിനു സമീപമാണു സംഭവം. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനു നേരെ വിവിധ ദിശകളിൽനിന്നു വെടിയുതിർക്കുകയായിരുന്നു. ആക്രമണശേഷം കാട്ടിലേക്ക് ഓടിമറഞ്ഞ ഇവരെ പിന്തുടർന്ന സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഭീകരർ കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാനിൽ നിന്നു നുഴഞ്ഞു കയറിയതാണെന്നു സംശയിക്കുന്നു.
ഗന്ദർബാലിലും ബാരാമുള്ളയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു, കഠ്‌വ, സാംബ, പൂഞ്ച്, രജൗരി ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കശ്മീരിൽ ഒമർ അബ്ദുല്ല സർക്കാർ അധികാരമേറ്റ ശേഷം ഭീകരാക്രമണങ്ങൾ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സേനയുടെ വാഹനം ആക്രമിക്കപ്പെടുന്നത്.
ഈ മാസം 18ന് ഗഗൻഗീർ മേഖലയിലെ ടണൽ പണിക്കെത്തിയ തൊഴിലാളികൾക്കു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും 7 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 24ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ സൈനിക ട്രക്കിനു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 2 സൈനികരും 2 ചുമട്ടുതൊഴിലാളികളും മരിച്ചു.