‘100 കോടിക്ക് എംഎൽഎമാരെ വാങ്ങിയാൽ 200 കോടി കിട്ടാനുള്ള വകുപ്പ് വേണം; എനിക്ക് പുഴുങ്ങിത്തിന്നാനോ?’
Mail This Article
ആലപ്പുഴ ∙ കോഴ നൽകി 2 എംഎൽഎമാരെ വാങ്ങിയിട്ട് എനിക്ക് പുഴുങ്ങിത്തിന്നാനാണോ എന്നു കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്. മന്ത്രിയാകുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് തനിക്കെതിരെ ഗൂഢാലോചനയുണ്ടായത്. എ.കെ.ശശീന്ദ്രന് ഇതിൽ പങ്കുണ്ടോയെന്ന് അറിയില്ല. 100 കോടി രൂപ മുടക്കി എംഎൽഎമാരെ വാങ്ങിയാൽ 200 കോടി കിട്ടാനുള്ള എന്തെങ്കിലും വകുപ്പ് കിട്ടുകയോ അല്ലെങ്കിൽ താൻ മുഖ്യമന്ത്രിയാകുകയോ വേണം. ഒരു ലോജിക്കുമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇങ്ങനെ ഒരു വിവാദമുണ്ടായത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.
മുഖ്യമന്ത്രിയെ കാണാൻ എനിക്ക് അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും നേരിട്ടുചെന്ന് കണ്ടാൽപ്പോരേയെന്നും തോമസ് പറഞ്ഞു. കോഴ ആരോപണത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്തു നൽകും. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. പരാതി നൽകുന്നത് വൈകുന്നത് തനിക്ക് മറ്റു ജോലികളും ഉള്ളതുകൊണ്ടാണ്. അത് കഴിയുന്ന മുറയ്ക്ക് പരാതി നൽകും.
അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാരിന് സ്വീകരിക്കാനാവില്ല. ഒരു എംഎൽഎയെക്കുറിച്ച് മോശമായ പരാമർശം വന്നിട്ട് അന്വേഷണം വേണ്ടെന്നു വയ്ക്കാനാവില്ല. ആന്റണി രാജു എനിക്കെതിരെ പറഞ്ഞെന്നു പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെക്കുറിച്ച് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വിഷയം സിപിഎം പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.