തർക്കം തീർക്കാൻ മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ച; പത്രിക നാളെക്കൂടി, സമഗ്രചിത്രം ഉടൻ
Mail This Article
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമചിത്രം ഇന്നു തെളിഞ്ഞേക്കും. മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് തർക്കം അവസാനിച്ചിട്ടില്ല.
ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 260 ഇടങ്ങളിൽ മഹാ വികാസ് അഘാഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് 99 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉദ്ധവ് 85, എൻസിപി (ശരദ്) 76 എന്നിങ്ങനെയാണ് ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം. മഹായുതി 215 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബിജെപി 121 പേരെ പ്രഖ്യാപിച്ചപ്പോൾ ശിവസേനാ ഷിൻഡെ വിഭാഗം 45 സ്ഥാനാർഥികളുടെയും എൻസിപി അജിത് പക്ഷം 49 സ്ഥാനാർഥികളുടെയും പട്ടിക പുറത്തിറക്കി.
ശിവസേനാ (ഉദ്ധവ്) കൂടുതൽ സീറ്റിനായി കടുംപിടിത്തം തുടരുന്നതാണ് അഘാഡിയിൽ സീറ്റ് വിഭജനം നീളാൻ കാരണം. ഹരിയാന തിരഞ്ഞെടുപ്പിലെ തിരിച്ചടി മഹാരാഷ്ട്രയിലെ സീറ്റ് ചർച്ചയിൽ കോൺഗ്രസിന്റെ വിലപേശൽ ശക്തി കുറച്ചിട്ടുണ്ട്. 120 സീറ്റ് വരെ ലക്ഷ്യമിട്ടിരുന്ന കോൺഗ്രസ് 105 സ്ഥാനാർഥികളെയെങ്കിലും ഉറപ്പിക്കാനുള്ള ബലംപിടുത്തത്തിലാണ്. 36 സീറ്റുള്ള മുംബൈ മേഖലയിൽ 10 സീറ്റുകൾ മാത്രമേ കോൺഗ്രസിനു ലഭിച്ചിട്ടുള്ളൂ. ഭൂരിഭാഗം സീറ്റും ഉദ്ധവ് പക്ഷം കൈപ്പിടിയിലാക്കി.
മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതുന്ന വിദർഭയിൽ 34 സീറ്റുകൾ കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. മറുവശത്ത് എൻഡിഎയിൽ ശിവസേനയും (ഷിൻഡെ) എൻസിപിയും (അജിത്) ബിജെപിയുമായി വിലപേശൽ തുടരുകയാണ്. സഖ്യത്തിൽ എഴുപതിലധികം സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. പ്രഖ്യാപിച്ച ചില സീറ്റുകളിൽ അഭിപ്രായവ്യത്യാസവുമുണ്ട്.
മാഹിമിൽ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ സ്ഥാനാർഥി രാജ് താക്കറെയുടെ മകൻ അമിത്തിനെതിരെ ശിവസേനാ (ഷിൻഡെ) കരുത്തനായ സദാ സർവങ്കറെ നിർത്തിയിരിക്കുന്നത് ബിജെപിയോട് അനുഭാവം പുലർത്തുന്ന രാജിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥിയെ പിൻവലിക്കാൻ ബിജെപി മുംബൈ ഘടകം ഷിൻഡെ പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും മുതിർന്ന നേതാവിനെ പിൻവലിക്കുന്നത് ഷിൻഡെക്കു ക്ഷീണമാകും. മുൻ എംഎൽഎ ബബൻറാവു ഗൊലാപ് ശിവസേനയിൽ (ഷിൻഡെ) നിന്ന് ഉദ്ധവ് പക്ഷത്തേക്കു തിരിച്ചുപോയി. മകൻ യോഗേഷ് ഗൊലാപിന് നാസിക്കിലെ ദേവ്‌ലാലിയിൽ ഉദ്ധവ് വിഭാഗം സീറ്റ് നൽകിയതിനു പിന്നാലെയാണിത്.