പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു; സ്വത്തുവിവരം പൂർണമല്ലെന്ന് ബിജെപി
Mail This Article
കൽപറ്റ∙ സ്വത്തുവിവരം പൂർണമല്ലെന്നും നാമനിർദേശപത്രിക തള്ളണമെന്നുമുള്ള ബിജെപിയുടെ ആവശ്യം നിരാകരിച്ച് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കലക്ടറാണ് പത്രിക സ്വീകരിച്ചത്. പ്രിയങ്കയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്നാണ് പരാതി നൽകിയത്. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക വരണാധികാരിക്ക് സമർപ്പിച്ചിരുന്നത്.
പ്രിയങ്കയുടെ സ്വത്തുവിവരം പൂർണമല്ലെന്ന പരാതിയുമായി ബിജെപി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഓഹരി വിവരങ്ങളും കേസുകളും ബോധപൂർവം ഒഴിവാക്കിയതും തെറ്റായ വിവരങ്ങൾ നൽകുന്നതും കുറ്റകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയ നവ്യ ഹരിദാസ്, പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു.
കോൺഗ്രസും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇരുവർക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരുടെ സ്വത്തു വിവരങ്ങളെക്കുറിച്ച് ആധികാരികമായി പറയുന്നുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും വ്യക്തമാക്കി.
നാമനിർദേശപത്രിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ അറിയിച്ചത്. സത്യവാങ്മൂലം പ്രകാരം 11.98 കോടിയുടെ സ്വത്താണ് ആകെയുള്ളത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,78,689 രൂപയുടെ ആസ്തിയുണ്ട്. രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്. അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 37 കോടി രൂപയാണ് ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയുടെ ആസ്തി.