‘ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയെയും അച്ഛൻ നഷ്ടപ്പെട്ട പെൺകുട്ടികളെയും ഇനിയും ഇരുട്ടിൽ നിർത്തരുത്’
Mail This Article
തിരുവനന്തപുരം∙ ‘‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്യണം, അതിന് ഏതറ്റം വരേയും പോകും’’- നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാക്കുകൾ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മഞ്ജുഷ പ്രതികരിക്കുന്നതിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയെയും അച്ഛൻ നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളെയും ഇനിയും സർക്കാർ ഇരുട്ടിൽ നിർത്തരുത്. സിപിഎമ്മിന് നീതിബോധം ഇല്ലായിരിക്കും. പക്ഷേ പൊതുസമൂഹം നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു. ഇരയ്‍ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും വി.ഡി.സതീശന്റെ കുറിപ്പിൽ പറയുന്നു
വി.ഡി. സതീശന്റെ വാക്കുകള്‍
ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണെന്ന് വി.ഡി.സതീശൻ. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എം.വി. ഗോവിന്ദന് സിപിഎമ്മിൽ ഒരു റോളുമില്ല. മുഖ്യമന്ത്രിക്കോ എകെജി സെന്ററിനോ യാതൊരു നിയന്ത്രണവും പൊലീസിനു മുകളില്ല. പാർട്ടിക്കാരായ പ്രതികൾ വന്നാൽ കേരളത്തിൽ ആർക്കും നീതി കിട്ടില്ല. സ്വന്തക്കാർ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ പറഞ്ഞു. ഉപജാപക സംഘത്തിന്റെ പിടിയിലാണ് മുഖ്യമന്ത്രി. ദിവ്യ വിഐപി പ്രതിയാണ്. ഉപതിരഞ്ഞെടുപ്പായത് കൊണ്ടാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പയ്യന്നൂർ ആശുപത്രിയിൽ ദിവ്യയെത്തി ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നില്ല. സിപിഎമ്മിന്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞതെന്നതിൽ സംശയമേയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.