വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
Mail This Article
കോഴിക്കോട്∙ ബാലുശ്ശേരിയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ചെന്ന പരാതിയിൽ സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം.രതീഷിനും കണ്ടാലറിയാവുന്ന ഏഴോളം പേർക്കെതിരെയും കേസെടുത്ത് പൊലീസ്. മുൻ പിടിഎ പ്രസിഡന്റും നിലവിലെ പിടിഎ വൈസ് പ്രസിഡന്റുമാണ് രതീഷ്. സദാചാര ആക്രമണത്തിന് ഇരയായ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയും ബന്ധുവുമാണ് പരാതി നൽകിയത്.
ഇന്നലെ സ്‌കൂൾ വിട്ട ശേഷം പെൺകുട്ടി സഹപാഠികൾക്കൊപ്പം ബസ് സ്‌റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചു. തുടർന്ന് രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അക്രമത്തിൽ നിന്നു വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ കൂടുതൽ ആളുകൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബന്ധുവിനെ കൈ പുറകിൽ കെട്ടി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലും അടിച്ചതായി പരാതിയിൽ പറയുന്നു. പരുക്കേറ്റ യുവാവിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ് ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.