ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 9 നിയമസഭാ മണ്ഡലങ്ങൾ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ  28 വരെ  സമർപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതി നാഥ് അറിയിച്ചു.

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും  ഒഴിവാക്കുന്നതിനും അപേക്ഷകൾ ഇക്കാലയളവിൽ സമർപ്പിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. 

17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ  1 എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതിയിൽ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച്  വോട്ടർ പട്ടികയിൽ ‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ്  ലഭിക്കും. 2025 ജനുവരി 6ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

English Summary:

Kerala Releases Draft Electoral Roll for 2025 Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com