ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ വിദഗ്ധ സേവനം ലഭ്യമാക്കാനാകും.

ഇതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങള്‍, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കും. പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. 

എസ്എടി ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡിഎം പള്‍മണറി മെഡിസിന്‍. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു ഡിഎം പള്‍മണറി മെഡിസിന്‍ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനു കൂടി അനുമതി ലഭ്യമായതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനാകും.

English Summary:

Kerala Gains 12 New Postgraduate Medical Seats, Boosting Healthcare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com